വാഷിങ്ടണ്‍: പാക് മധ്യസ്ഥതയിലുള്ള ചര്‍ച്ചകള്‍ മുടങ്ങിയിരിക്കെ ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ നീട്ടി ട്രംപ്. ഇറാന്‍ തങ്ങളുടെ നിര്‍ദേശം സമര്‍പ്പിക്കും വരെ വെടിനിര്‍ത്തല്‍ നീട്ടിയതായാണ് ട്രംപ് പ്രഖ്യാപിച്ചത്. അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ യുഎസിന്റെ നാവിക ഉപരോധം തുടരുമെന്നും ട്രംപ് അറിയിച്ചു. ഇസ്‌ലാമാബാദ് ചര്‍ച്ചയില്‍ അന്തിമ കരാറായില്ലെങ്കില്‍ ഇറാനെ സമ്പൂര്‍ണമായി തകര്‍ക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍, ഭീഷണിയും ചര്‍ച്ചയും ഒരുമിച്ച് പോകില്ലെന്ന് വ്യക്തമാക്കി ഇറാന്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നിരുന്നു. യുദ്ധം വീണ്ടും ആരംഭിക്കുകയാണോ? എന്ന ആശങ്കകള്‍ക്കിടെയാണ് ട്രംപ് വെടിനിര്‍ത്തല്‍ കരാർ നീട്ടിയത്.
47 വര്‍ഷമായി എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരെയും ചൂഷണം ചെയ്യാന്‍ ഇറാന് കഴിഞ്ഞു. താന്‍ കൈക്കൊണ്ട സൈനിക നീക്കങ്ങള്‍ വഴി ഇറാന്റെ നാവിക, വ്യോമ സേനകളെ ഇല്ലായ്മ ചെയ്യാനും ആണവ സംവിധാനങ്ങള്‍ തകര്‍ക്കാനും കഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. നാവിക ഉപരോധം വഴി നിത്യം 500 മില്യണ്‍ ഡോളര്‍ ഇറാന് നഷ്ടം സംഭവിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ഹോര്‍മുസില്‍ നാവിക ഉപരോധം നിര്‍ത്തില്ല. നിത്യം 500 മില്യണ്‍ ഡോളര്‍ നഷ്ടമായതിനാല്‍ ഇറാനെ കരാറിന് പ്രേരിപ്പിക്കാന്‍ ഉപരോധം ഉപകരിക്കും. യുഎസ് ഉപരോധത്തിലുള്ള ഹോര്‍മുസ് അടച്ചിടുന്നതായി ഇറാന്‍ പ്രഖ്യാപിച്ചത് മുഖം രക്ഷിക്കല്‍ തന്ത്രമാണെന്നും ട്രംപ് പറഞ്ഞു.
വെടിനിര്‍ത്തല്‍ നീട്ടിയതിന് പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ട്രംപിന് നന്ദി അറിയിച്ചു. നയതന്ത്ര ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ നടപടി ഉപകരിക്കുമെന്നും ശരീഫ് പറഞ്ഞു. വെടിനിര്‍ത്തല്‍ വേളയില്‍ ഏത് സാഹചര്യവും നേരിടാന്‍ സേനകള്‍ സജ്ജമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രതികരിച്ചു.
