Your Image Description Your Image Description

വിമാനങ്ങളിൽ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാനും, അനാവശ്യ ചെലവ് ഒഴിവാക്കാനും ജർമ്മൻ എയർലൈൻസായ ലുഫ്താൻസ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനവുമായി രംഗത്തെത്തി. ഭക്ഷണ ട്രേകൾ സ്കാൻ ചെയ്യുന്ന സ്മാർട്ട് ക്യാമറകളോടുകൂടിയ എഐ ട്രേ ട്രാക്കർ സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്. യാത്രക്കാർ എത്രമാത്രം ഭക്ഷണം കഴിച്ചുവെന്നതടക്കം കൃത്യമായി കണക്കാകും. കാറ്ററിംഗ് കേന്ദ്രത്തിലെ ഡിഷ്‌വാഷറുകളിലേക്ക് പോകുന്ന കൺവെയർ ബെൽറ്റിൽ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക ക്യാമറകളുടെ സഹായത്തോടെ ആണ് ഇത് പ്രവർത്തിക്കുന്നത്.

വിമാനങ്ങളിൽ നിന്നെത്തുന്ന ഓരോ ട്രേയെയും ക്യാമറ സ്കാൻ ചെയ്ത് എത്ര ഭക്ഷണം ശേഷിച്ചുവെന്ന് കണ്ടെത്തും. മുഴുവൻ കഴിച്ചോ, ഭാഗികമായി കഴിച്ചോ, ഒരിക്കലും തൊട്ടില്ലയോ എന്നതും തിരിച്ചറിയപ്പെടും. മാത്രമല്ല, ആ ട്രേ ഏത് വിമാനത്തിൽ നിന്നാണെന്നോ, ഏത് യാത്രാ ക്ലാസിൽ നിന്നാണെന്നോ, എന്തുതരത്തിലുള്ള ഭക്ഷണമായിരുന്നുവെന്നോ എല്ലാം രേഖപ്പെടുത്തും. ഇതിലൂടെ ഏത് വിഭവങ്ങളാണ് യാത്രക്കാർക്ക് കൂടുതൽ ഇഷ്ടപ്പെടുന്നത്, ഏതാണ് പ്രിയങ്കരമല്ലാത്തത് എന്നിവയെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ ലുഫ്താൻസയ്ക്ക് ലഭ്യമാകും.

 

അതിരാവിലെ പുറപ്പെടുന്ന വിമാനങ്ങളിലെ യാത്രക്കാർ പതിവായി ഭക്ഷണം കഴിക്കാതെ ഇരിക്കുന്നുണ്ടോ എന്നും കമ്പനിക്ക് എളുപ്പത്തിൽ തിരിച്ചറിയാനാകും. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കാനും ജനപ്രീതിയില്ലാത്ത വിഭവങ്ങൾക്ക് പകരം പുതിയ വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്താനും സാധിക്കും. യാത്രയുടെ ദൈർഘ്യം, പുറപ്പെടുന്ന സമയം തുടങ്ങിയ ഘടകങ്ങൾ കൂടി ഉൾപ്പെടുത്തി, ചില വിമാനങ്ങളിൽ യാത്രക്കാരുടെ എണ്ണത്തേക്കാൾ കുറച്ച് ഭക്ഷണം മാത്രം കയറ്റിയാൽ മതിയോ എന്നതുപോലുള്ള കാര്യങ്ങൾ വിലയിരുത്താനായി കമ്പനി പ്രത്യേക കമ്പ്യൂട്ടർ മോഡലും ഉപയോഗിക്കുന്നു.

ഡച്ച് എയർലൈൻ കെഎല്‍എമ്മും സമാനമായ എഐ സംവിധാനം ഉപയോഗിച്ചിട്ടുണ്ട്. എത്ര യാത്രക്കാർക്ക് വിമാനം നഷ്ടപ്പെടുന്നുണ്ട് അല്ലെങ്കിൽ കണക്ഷൻ ഫ്ലൈറ്റ് നഷ്ടപ്പെടാൻ ഇടയാകുന്നുണ്ട്, തുടങ്ങിയ കണക്കുകൾ വിലയിരുത്തിയാണ് എയര്‍ലൈന്‍ വിമാനത്തില്‍ കയറ്റുന്ന ഭക്ഷണത്തിന്റെ അളവ് നിശ്ചയിക്കുന്നുത്.

എഐ അടിസ്ഥാനത്തിലുള്ള ട്രേ ട്രാക്കർ ഒരു പുതിയ ആശയമല്ല. 2020-ൽ തന്നെ ഇത്തിഹാദ് എയർവേയ്സ് സമാനമായ സംവിധാനം പരീക്ഷിച്ചിരുന്നു. അത് വൻ വിജയമായിരുന്നു എന്നാണ് കമ്പനി പറയുന്നത്. വിമാനക്കമ്പനികളെ സംബന്ധിച്ച് ഭക്ഷണം പാഴാക്കൽ വലിയ തലവേദനയാണ്. ഉപയോഗിക്കാത്ത ഭക്ഷണം വിമാനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ തന്നെ നിയമപ്രകാരം കത്തിച്ചുകളയേണ്ട സാഹചര്യമാണ്.

 

 

Related Posts