ന്യൂഡൽഹി: ഒരാൾക്ക് കൈവശംവെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണത്തിൽ നിലവിലുള്ള പരിധി കർശനമായി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഓഗസ്റ്റ് 24 മുതൽ ടെലികോം സേവനദാതാക്കൾ പുതിയ സിം കാർഡ് അനുവദിക്കുന്നതിന് മുമ്പ് ഉപഭോക്താവിന്റെ പേരിലുള്ള നിലവിലെ മൊബൈൽ കണക്ഷനുകളുടെ എണ്ണം പരിശോധിക്കണം. അനുവദനീയമായ പരിധി കഴിഞ്ഞവർക്ക് പുതിയ കണക്ഷൻ ലഭിക്കില്ലെന്നാണ് റിപ്പോർട്ട്.
നിലവിൽ ഒരാൾക്ക് പരമാവധി ഒൻപത് മൊബൈൽ കണക്ഷനുകൾ കൈവശംവെക്കാനാണ് അനുമതി. ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഈ പരിധി ആറ് കണക്ഷനുകളാണ്. പുതിയ ചട്ടം എല്ലാ ടെലികോം ഓപ്പറേറ്റർമാർക്കും സർവീസ് മേഖലകൾക്കും ബാധകമായിരിക്കും.
പുതിയ സിം എടുക്കുമ്പോൾ ഉപഭോക്താവിന്റെ പേരിൽ നിലവിലുള്ള കണക്ഷനുകളുടെ എണ്ണം പരിശോധിക്കും. മറ്റ് ടെലികോം ഓപ്പറേറ്റർമാരിൽ നിന്നോ മറ്റ് ടെലികോം സർവീസ് മേഖലകളിൽ നിന്നോ എടുത്തിട്ടുള്ള നമ്പറുകളുടെ വിവരങ്ങളും അപേക്ഷയ്ക്കൊപ്പം നൽകേണ്ടിവരും. ഇതിനായി കസ്റ്റമർ അപ്ലിക്കേഷൻ ഫോമിലും ആവശ്യമായ വിവരങ്ങൾ ഉൾപ്പെടുത്തും.
ഉപഭോക്താക്കളുടെ വിവരങ്ങൾ പരിശോധിക്കാൻ ടെലികോം കമ്പനികൾ സർക്കാരിന്റെ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോം ഉപയോഗിക്കും. ഫോട്ടോ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ സംവിധാനവും ഇതിൽ ഒരുക്കുമെന്നാണ് വിവരം. ഓഗസ്റ്റ് 23 മുതൽ പരിധി കഴിഞ്ഞ ഉപഭോക്താക്കളുടെ വിവരങ്ങൾ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. പുതിയ കണക്ഷനുള്ള അപേക്ഷ പരിശോധിക്കുമ്പോൾ ഈ വിവരങ്ങൾ ഉപയോഗിച്ചായിരിക്കും തീരുമാനം..
ഗവൺമെന്റ് സേവനങ്ങളും ആനുകൂല്യങ്ങളും അറിയൽ
ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമിലേക്ക് വിവരങ്ങൾ സംയോജിപ്പിക്കുന്നതിന് ടെലികോം കമ്പനികൾക്ക് നവംബർ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. അനുവദനീയമായ പരിധിക്ക് മുകളിൽ മൊബൈൽ കണക്ഷനുകൾ കണ്ടെത്തിയാൽ അധിക കണക്ഷനുകൾ സസ്‌പെൻഡ് ചെയ്യാനും സാധ്യതയുണ്ട്.
അതേസമയം, നിങ്ങളുടെ പേരിൽ എത്ര മൊബൈൽ നമ്പറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് വീട്ടിലിരുന്ന് തന്നെ പരിശോധിക്കാം. ഇതിനായി സഞ്ചാർ സാഥി പോർട്ടലോ ആപ്പോ ഉപയോഗിച്ചാൽ മതി.
“Know mobile connections in your name” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് മൊബൈൽ നമ്പറും ക്യാപ്ചയും നൽകി നിങ്ങളുടെ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി. നൽകണം. ഇതിന് ശേഷം നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ കണക്ഷനുകളുടെ പട്ടിക ലഭിക്കും.
പട്ടികയിൽ നിങ്ങളുടേതല്ലാത്ത ഏതെങ്കിലും നമ്പർ കണ്ടെത്തിയാൽ അത് റിപ്പോർട്ട് ചെയ്യാനും സാധിക്കും. നിങ്ങളുടെ അറിവില്ലാതെ മറ്റാരെങ്കിലും നിങ്ങളുടെ രേഖകൾ ഉപയോഗിച്ച് സിം എടുത്തിട്ടുണ്ടോ എന്ന് കണ്ടെത്താനും ഈ സംവിധാനം സഹായിക്കും.
