Home » Blog » kerala Max » ആഹാരത്തിൽ വണ്ട് കണ്ടെത്തിയെന്ന പരാതി വ്യാജം? ഹോട്ടൽ അടപ്പിച്ചത് ആസൂത്രിത നീക്കമെന്ന് ഉടമയുടെ പരാതി, അന്വേഷണം ആരംഭിച്ചു
police-1

കോഴിക്കോട് കുന്ദമംഗലം മുറിയനാൽ അങ്ങാടിയിലെ പാരഡൈസ് ഹോട്ടലിലെ ഭക്ഷണത്തിൽ വണ്ടിനെ കണ്ടെത്തിയെന്ന സംഭവത്തിൽ വഴിതിരിവ്. ഭക്ഷണത്തിൽ വണ്ട് വീണുവെന്നാരോപിച്ച് ചില വ്യക്തികൾ ഹോട്ടലിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, ഇവർ ഭക്ഷണത്തിൽ മനപ്പൂർവം വണ്ടിനെ കൊണ്ടുപോയിടുകയായിരുന്നു എന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം ഹോട്ടലുടമ റഫീഖ് പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

ഈ സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിക്കുകയും, തൊട്ടടുത്ത ദിവസം തന്നെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി ഹോട്ടൽ അടച്ചുപൂട്ടിക്കുകയും ചെയ്തിരുന്നു. 25 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഹോട്ടലിന്റെ സൽപ്പേര് നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമാണിതെന്ന് ഉടമ വ്യക്തമാക്കുന്നു. അതേസമയം, ഹോട്ടലുടമ പുറത്തുവിട്ട ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നാണ് പരാതിക്കാരിലൊരാളായ കൊടുവള്ളി കളരാന്തരി വട്ടത്താംപോയിൽ അൻവറിന്റെ വാദം.

സംഭവത്തിൽ അൻവർ ഉൾപ്പെടെയുള്ള മൂന്നുപേർക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടലുടമയ്ക്ക് എതിരായ ഈ സാമൂഹിക വിരുദ്ധ ഗുണ്ടായിസത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം പഞ്ചായത്ത് കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ശക്തമായ പ്രതിഷേധ പ്രകടനവും സംഘടിപ്പിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *