ഇന്ത്യൻ ഫുട്‌ബോൾ ആരാധകർക്ക് ആശ്വാസമേകി 2026 ഫിഫ ലോകകപ്പിന്റെ സംപ്രേക്ഷണാവകാശം സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമം. ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് ഉറപ്പായി. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) മുൻ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരനാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയായെന്നും അടുത്ത ആഴ്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ടുകൾ പ്രകാരം സീ എന്റർടൈൻമെന്റാണ് ഇന്ത്യയിലെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇതിനായി ‘യുണൈറ്റഡ്8 സ്‌പോർട്‌സ്’ എന്ന പേരിൽ പുതിയ സ്‌പോർട്‌സ് ചാനലുകൾ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതിനായുള്ള ട്രേഡ്മാർക്ക് അപേക്ഷയും കമ്പനി നൽകിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 30-35 മില്യൺ യുഎസ് ഡോളർ മുടക്കിയാണ് കരാർ ഉറപ്പിച്ചിരിക്കുന്നത്.
ജൂൺ 11-ന് ലോകകപ്പ് ആരംഭിക്കാനിരിക്കെ, സംപ്രേക്ഷണാവകാശം സംബന്ധിച്ച അനിശ്ചിതത്വം കായികപ്രേമികളെ വലിയ ആശങ്കയിലാക്കിയിരുന്നു. ദൂരദർശൻ ഉൾപ്പെടെയുള്ളവർ സംപ്രേക്ഷണാവകാശത്തിനായി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഒടുവിൽ സീ എന്റർടൈൻമെന്റ് കരാർ സ്വന്തമാക്കുകയായിരുന്നു. ഇതോടെ, ഫുട്‌ബോൾ പ്രേമികൾക്ക് ഇനി ലോകകപ്പ് മത്സരങ്ങൾ തത്സമയം ആസ്വദിക്കാൻ സാധിക്കും.
