Home » Blog » Kerala » ആദ്യ ചിത്രത്തിന്റെ തകർച്ച നൽകിയത് കനത്ത ആഘാതം; സിനിമ വിട്ട് അമേരിക്കയിലേക്ക് പോകാൻ കാരണം വ്യക്തമാക്കി ഫഹദ്
images (22)

തന്റെ ആദ്യ സിനിമയായ ‘കയ്യെത്തും ദൂരത്തി’ന്റെ പരാജയത്തെ തുടർന്ന് നാടുവിട്ടതിനെക്കുറിച്ചും പിന്നീട് സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയതിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ ഫഹദ് ഫാസിൽ. ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. ആദ്യ സിനിമയുടെ പരാജയം തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും, തുടർന്ന് വിദേശത്തേക്ക് പോയ താൻ പിന്നീട് തിരിച്ചുവന്നത് വാപ്പയ്ക്ക് വേണ്ടിയാണെന്നും ഫഹദ് വ്യക്തമാക്കി.

 

“ആദ്യ സിനിമ പുറത്തിറങ്ങി ഇന്നേക്ക് 24 വർഷമായിരിക്കുകയാണ്. അതിനിടയിൽ 7 വർഷത്തെ ഇടവേളയുണ്ടായിരുന്നു. 2002-ൽ പോയി, പിന്നീട് 2009-ൽ തിരികെ വന്നു. ആദ്യത്തെ പടം വിജയിച്ചില്ല. വാപ്പയായിരുന്നു അത് സംവിധാനം ചെയ്തത്. എനിക്കന്ന് 17-18 വയസ്സ് മാത്രമായിരുന്നു പ്രായം. ആ സമയത്ത് ഇന്ത്യൻ സിനിമയിൽ ഒരുപാട് പുതുമുഖങ്ങൾ അരങ്ങേറുന്നുണ്ടായിരുന്നു. ഹൃത്വിക് റോഷനൊക്കെ അപ്പോഴാണ് വരുന്നത്. കുറേ സംവിധായകർ തങ്ങളുടെ മക്കളെ സിനിമയിൽ അവതരിപ്പിക്കുന്നുണ്ടായിരുന്നു. എന്നാൽ എന്തുകൊണ്ടോ എനിക്ക് കാര്യങ്ങൾ ശരിയായി വന്നില്ല,” ഫഹദ് പറയുന്നു.

 

“എനിക്കത് വല്ലാതെ വിഷമമുണ്ടാക്കി. കുറച്ചുകാലം സിനിമാമേഖലയിൽ നിന്ന് വിട്ടുനിൽക്കാൻ തോന്നി. അങ്ങനെ ഞാൻ അമേരിക്കയിലേക്ക് പോയി. ആദ്യം എൻജിനീയറിങ് പഠിക്കാൻ തുടങ്ങിയെങ്കിലും പിന്നീട് ഫിലോസഫിയിലേക്ക് മാറി. ആ സമയത്താണ് സുഹൃത്തുക്കളിലൂടെ നിരവധി അന്താരാഷ്ട്ര സിനിമകൾ കാണാൻ ഇടയായത്. ആ കാലയളവിലാണ് എപ്പോഴോ തിരികെ വരണമെന്നും ഒരു സിനിമ ചെയ്യണമെന്നും തോന്നിയത്. എന്റെ വാപ്പയ്ക്ക് വേണ്ടി ഒരൊറ്റ സിനിമ ചെയ്യണം എന്നതായിരുന്നു അന്നത്തെ ആഗ്രഹം. എന്നാൽ ഇന്ന് അത് വളർന്ന് 66 സിനിമകളിൽ എത്തിനിൽക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

എസ്.എസ്. രാജമൗലി അവതരിപ്പിക്കുന്ന ഫാന്റസി ഫാമിലി എന്റർടെയ്നർ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഒക്ടോബർ രണ്ടാം തീയതി തിയേറ്ററുകളിലെത്തും. ചിത്രത്തിൽ തന്റെ പതിവ് ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രം ‘ബാഹുബലി’ ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും ഷോയിംഗ് ബിസിനസും ചേർന്ന് ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ എന്നിവരുടെ നേതൃത്വത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *