
വിശാൽ ചതുർവേദി രചനയും സംവിധാനവും നിർവ്വഹിച്ച് നിർമ്മിച്ച ‘ഹനുമാൻ അൻഷ്’ ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷനുമായി മുന്നേറുന്നു. കേവലം രണ്ട് കോടി രൂപ മാത്രം മുതൽമുടക്കിൽ ചിത്രീകരിച്ച ഈ ചിത്രം, റിലീസ് ചെയ്ത് 51 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ നിന്നും 411 കോടി രൂപയാണ് വാരിക്കൂട്ടിയത്. ഹനുമാൻ ഭക്തനും ആത്മീയ ഗുരുവുമായ നീം കരോലി ബാബയുടെ ജീവിതം പറയുന്ന ചിത്രം ഡിവോഷണൽ ഡ്രാമ ഗണത്തിലാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് തിയറ്ററുകളിലെത്തിയ ചിത്രം, നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ പോസിറ്റീവ് റിവ്യൂസ് നേടി ബോക്സ് ഓഫീസിൽ ഒരു സ്ലീപ്പർ ഹിറ്റായി മാറുകയായിരുന്നു.
ഓഗസ്റ്റ് ഏഴിന് റിലീസ് ചെയ്ത ദിവസം ബോക്സ് ഓഫീസിൽ പത്ത് ലക്ഷം രൂപയുടെ ഓപ്പണിംഗുമായി തുടങ്ങിയ ചിത്രം, പിന്നീട് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ മുന്നേറ്റമാണ് നടത്തിയത്. പ്രമുഖ ട്രാക്കർമാരായ സാക്നിൽകിന്റെ കണക്കുപ്രകാരം ചിത്രം ആദ്യ ദിവസം 1.08 കോടി രൂപയാണ് നേടിയത്. റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷം ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 61 കോടി രൂപയുടെ നെറ്റ് കളക്ഷൻ നേടി. നീം കരോലി ബാബയെക്കുറിച്ച് സംവിധായകൻ വിശാൽ ചതുർവേദി തന്നെ എഴുതിയ ‘ഡിവൈൻ ഡിടൂർ: ദാറ്റ് ചേഞ്ച്ഡ് മൈ ലൈഫ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷോഭിനവ് സത്യയാണ് ചിത്രത്തിൽ നീം കരോലി ബാബയായി വേഷമിട്ടിരിക്കുന്നത്.
ചന്ദൻ കെ. ആനന്ദ്, അനിൽ രസ്തോഗി, നിഖിൽ ദുബൈ, ഭഗ്വാൻ ദാസ് പട്ടേൽ, നേഗ പരഞ്ജ്പേ, ഉദയ്സിംഗ് രാജ്പുത്, പൂർണിമ തിവാരി, ഗൗതം ത്രിപാഠി, ഗുൽഷൻ പാണ്ഡേ, രാജീവ് മിശ്ര തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. സ്വംഭൂ മീഡിയ നെറ്റ്വർക്കും ഹോളി കൗ ഹോം പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശാൽ ബാവയും എഡിറ്റിംഗ് ഷംഖ് രജധ്യാക്ഷയുമാണ് നിർവ്വഹിച്ചിരിക്കുന്നത്.
