
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരസ്യ പ്രതികരണം നടത്തിയ അടൂർ പ്രകാശിനെ തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ. പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് ഞാൻ മുമ്പ് പറഞ്ഞതാണെന്നും അന്ന് പരാതി പറഞ്ഞ സമയത്ത് എല്ലാവരും എന്നെ വിമർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഒന്നുമറിയുന്നില്ലെന്ന് പണ്ട് പറഞ്ഞപ്പോൾ എന്നെ കൊത്തിപ്പറിച്ചവരാണ് പലരും. പാർട്ടിക്കകത്ത് കാര്യം പറയണമെന്ന് വലിയ ഉപദേശം ആയിരുന്നു. അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ട്. കെപിസിസി അധ്യക്ഷനുമായി നിരന്തരം സംസാരിക്കാറുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ എന്തിനാണ് എസ്.എഫ്.ഐ കല്ലെടുത്തെറിഞ്ഞത്? വഴിയിൽ തടയുന്ന സിസ്റ്റത്തോട് യോജിക്കുന്നില്ല.
കരിങ്കൊടി കാണിക്കുന്നതിൽ പ്രശ്നമില്ല. ആത്മസംയമനം പാലിക്കുന്നു എന്ന് കരുതി ദൗർബല്യമായി കരുതരുത്. വഴിയിൽ തടഞ്ഞ് കാറിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചാൽ അതിശക്തമായ നടപടിയുണ്ടാകും. നടപടിയെടുക്കേണ്ട സമയത്ത് എടുക്കും. സിപിഎമ്മുകാരോട് അഞ്ചുവർഷം ക്ഷമയോടെ കാത്തിരിക്കാൻ പറയുന്നു. അഞ്ചു കൊല്ലം കഴിയുമ്പോൾ ജനങ്ങൾ വോട്ട് ചെയ്ത് കാണിച്ചുതരും. ഇപ്പോൾ തന്നെ മുഖ്യമന്ത്രിയാകണമെന്ന് പ്രതിപക്ഷ നേതാവ് വിചാരിച്ചാൽ നടക്കില്ലെന്നും മുരളീധരൻ പറഞ്ഞു
