
ഇന്റർനെറ്റിലെ ഒരു മീം പരാമർശം ഇത്ര വലിയ വിവാദമാകുമെന്ന് ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബാപ്പെ പ്രതീക്ഷിച്ചിരിക്കില്ല. ചൈനയുടെ മുൻ ഭരണാധികാരി മാവോ സേതുങ്ങുമായി ബന്ധപ്പെട്ട പരാമർശത്തെച്ചൊല്ലിയുള്ള പ്രതിഷേധം ശക്തമായതോടെ ചൈനീസ് ആരാധകരോട് പരസ്യമായി മാപ്പുപറയേണ്ടിവന്നിരിക്കുകയാണ് താരം. വിവാദം ചൈനീസ് ബ്രാൻഡുകളുടെ കരാർ റദ്ദാക്കലിലേക്കും മത്സരങ്ങളുടെ സംപ്രേക്ഷണം നിർത്തിവയ്ക്കുന്നതിലേക്കും എത്തിയതോടെയാണ് എംബാപ്പെ ഖേദപ്രകടനവുമായി രംഗത്തെത്തിയത്.
തന്റെ മുഖം ഉപയോഗിച്ച് നിർമിച്ച ഇന്റർനെറ്റ് മീമുകളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വിവാദത്തിന് തുടക്കമായത്. പ്രിയപ്പെട്ട മീം ഏതാണെന്ന ചോദ്യത്തിന്, ചൈനീസ് ഏകാധിപതിയാണെന്ന് കരുതുന്ന ഒരാളുടെ ശരീരത്തിൽ തന്റെ മുഖം ചേർത്ത മീമാണ് ഇഷ്ടമെന്നായിരുന്നു എംബാപ്പെയുടെ മറുപടി. ഇതിന് പിന്നാലെ 1949 മുതൽ 1976-ൽ മരിക്കുന്നതുവരെ ചൈനയെ നയിച്ച മാവോ സേതുങ്ങിന്റെ ശരീരത്തിൽ എംബാപ്പെയുടെ മുഖം ചേർത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ചൈനയിലെ വെയ്ബോ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായതോടെ താരത്തെയും അദ്ദേഹവുമായി ബന്ധപ്പെട്ട ബ്രാൻഡുകളെയും ബഹിഷ്കരിക്കണമെന്ന ആവശ്യവും ഉയർന്നു. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുനും പരാമർശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു.
വിവാദത്തിന്റെ പ്രത്യാഘാതമായി മൂന്ന് പ്രമുഖ ചൈനീസ് കമ്പനികൾ എംബാപ്പെയുമായുള്ള കരാറുകൾ അവസാനിപ്പിച്ചു. ഊർജപാനീയ നിർമാതാക്കളായ ഡോങ്പെങ് ബെവറേജ്, ക്ഷീര ഉത്പന്ന കമ്പനിയായ മെങ്നിയു, ചീസ് നിർമാതാക്കളായ മിൽക്ക് ഗ്രൗണ്ട് എന്നിവയാണ് സഹകരണം അവസാനിപ്പിച്ചത്. ചൈനീസ് സ്റ്റേറ്റ് ടെലിവിഷൻ എംബാപ്പെയുടെയും ലാലിഗയുടെയും മത്സരങ്ങളും പരിപാടികളും സംപ്രേക്ഷണം ചെയ്യുന്നത് നിർത്തുകയും പരസ്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ഇതോടെയാണ് തന്റെ പരാമർശം ചിന്താശൂന്യമായിരുന്നുവെന്ന് സമ്മതിച്ച് എംബാപ്പെ മാപ്പുപറഞ്ഞത്. ചൈനയിലെയും ലോകമെമ്പാടുമുള്ള ചൈനീസ് സമൂഹങ്ങളിലെയും ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് മനസ്സിലാക്കുന്നുവെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ചൈനീസ് ജനതയോടും അവരുടെ ചരിത്രത്തോടും ആഴമായ ബഹുമാനമുണ്ടെന്നും താരം വ്യക്തമാക്കി.
