
അപകടത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട വേദനയ്ക്കൊപ്പം നീതി ലഭിക്കുമോയെന്ന ആശങ്കയും പങ്കുവെച്ച് ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ ഭാര്യ ബിന്ദു. അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ പിതാവായ ജഡ്ജിയുടെ പെരുമാറ്റവും സംഭവത്തിനു പിന്നാലെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളും വിവാദമായതോടെയാണ് കുടുംബം പരസ്യമായി പ്രതികരിച്ചത്. “ഒപ്പമുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിൽ അതു ഞങ്ങൾക്ക് എത്രമാത്രം ആശ്വാസമാകുമായിരുന്നു” എന്നാണ് ബിന്ദു പറയുന്നത്
അപകടമുണ്ടാക്കിയ കുട്ടിയുടെ പിതാവ് ജഡ്ജിയാണെന്നതും അദ്ദേഹത്തിന്റെ പ്രതികരണവുമാണ് സംഭവം ഇത്രത്തോളം എത്തിച്ചതെന്ന് ബിന്ദു ആരോപിച്ചു. അച്ഛനെ നഷ്ടപ്പെട്ട വേദനയിലായിരുന്ന മക്കളോടും ബന്ധുക്കളോടും “നിങ്ങൾ എന്നെ ചോദ്യം ചെയ്യരുത്” എന്ന നിലയിലാണ് അദ്ദേഹം പെരുമാറിയതെന്നും ബിന്ദു പറഞ്ഞു. ഭർത്താവിന്റെ മൃതദേഹം സംസ്കരിക്കുന്നതിനുമുമ്പ് തന്നെ പതിനേഴുകാരന് ജാമ്യം ലഭിക്കുന്ന തരത്തിലുള്ള വകുപ്പുകളാണ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയതെന്നും പ്രതിക്ക് ജാമ്യം നൽകാൻ പോലീസ് തിടുക്കം കാട്ടിയെന്നും അവർ ആരോപിച്ചു. സ്റ്റേഷനിലെത്തിയ മക്കൾ പ്രതി കസേരയിൽ കാലുകയറ്റിവെച്ചിരിക്കുന്നതാണ് കണ്ടത്. പ്രതിയുടെ ചിത്രം പകർത്തിയ ബന്ധുവിന്റെ മൊബൈൽ ഫോൺ പോലീസ് പിടിച്ചുവാങ്ങി ചിത്രങ്ങൾ നശിപ്പിച്ചെന്നും അതേസമയം പ്രതിക്ക് സന്ദേശങ്ങൾ അയയ്ക്കാൻ സൗകര്യം ഒരുക്കിയെന്നും ബിന്ദു ആരോപിച്ചു. സംഭവം വിവാദമായതോടെയാണ് പോലീസ് കൂടുതൽ കരുതലോടെ പെരുമാറിയതെന്നും അവർ പറഞ്ഞു. എ.ഡി.ജി.പി. ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ വീട്ടിലെത്തി നീതിയുക്തമായ നടപടി ഉറപ്പുനൽകിയതിൽ പ്രതീക്ഷയുണ്ടെന്നും, ജഡ്ജിയെ സർവീസിൽനിന്ന് പിരിച്ചുവിടണമെന്നും ബിന്ദു ആവശ്യപ്പെട്ടു.
