കൊച്ചി: അഭിമന്യു വധക്കേസിൽ പ്രതികൾ ഇന്നും കോടതിയിൽ നേരിട്ട് ഹാജരായില്ല. കോടതിയിൽ മാധ്യമപ്രവർത്തകരുള്ളതിനാൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതികൾ കോടതിയെ അറിയിച്ചു. അഭിഭാഷകർ മുഖേന വിചാരണ നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതികൾക്ക് പകരം അഭിഭാഷകർ ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ പ്രതികളുടെ ഈ ആവശ്യം പ്രോസിക്യൂഷനും അഭിമന്യുവിന്റെ കുടുംബവും എതിർത്തു. ആവശ്യം നിലനിൽക്കുന്നതല്ലെന്നും പ്രതികൾ നേരിട്ട് തന്നെ കോടതിയിൽ ഹാജരാകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. വിചാരണ ആരംഭിച്ചാൽ പ്രതികൾ എന്ത് ചെയ്യുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. വിചാരണ നടപടികളിൽ പ്രതികളുടെ നേരിട്ടുള്ള സാന്നിധ്യം ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി.
അഭിഭാഷകൻ മുഖേന മാത്രം നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. പ്രതികൾ നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. അടുത്ത വ്യാഴാഴ്ച പ്രതികൾ കോടതിയിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
