Home » Blog » Kerala » കടക്ക് പുറത്ത്; 13നെ പേടിച്ച് മന്തിമാര്‍
car

വി.ഡി.സതീശന്‍ മന്ത്രിസഭയില്‍ മന്ത്രിമാര്‍ക്ക് കാറുകള്‍ നല്‍കിയപ്പോള്‍ 13-ആം നമ്പര്‍ കാര്‍ ആരും ഏറ്റെടുക്കാന്‍ തയ്യാറായില്ല. അശുഭ സംഖ്യയെന്ന് വിശ്വസിക്കപ്പെടുന്ന 13 നോട് കടക്കുപുറത്ത് പറഞ്ഞിരിക്കുകയാണ് യുഡിഎഫ് മന്ത്രിമാര്‍. 13 അശുഭ സംഖ്യ എന്ന വിശ്വാസം ഉണ്ടെങ്കിലും ഈ നമ്പര്‍ സതീശന്റെ പേരിനോട് ക്കൂടി തന്നെയുണ്ട് എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ 13 ആം മുഖ്യമന്ത്രിയാണ് സതീശന്‍. എന്നാല്‍ കാറുകളില്‍ നിന്നും 13 ആം നമ്പര്‍ ഒഴിവാക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ സതീശന്‍ മന്ത്രിസഭയിലെ ഒരാളും പതിമൂന്നാം നമ്പര്‍ കാര്‍ സ്വീകരിച്ചില്ല. യുഡിഎഫിലെ ഇടതുപക്ഷമായ ആര്‍എസ്പിയും പാര്‍ട്ടിയുടെ പേരില്‍ത്തന്നെ കമ്യൂണിസ്റ്റും മാര്‍ക്സിസ്റ്റും ഉള്ള സിഎംപിയിലെ സിപി ജോണ്‍ കൂടി 13 ആം നമ്പര്‍ കാര്‍ ഒഴിവാക്കിയെന്നതും ശ്രദ്ധേയമാണ്.

ആര്‍എസ്പി മന്ത്രി ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു വാങ്ങിയത് 51ആം നമ്പര്‍ കാര്‍ ആണ്. യുഡിഎഫ് മന്ത്രിമാരുടെ കാറുകളില്‍ എന്തായാലും 13ആം നമ്പര്‍ വരില്ല. നമ്പറിന്റെ പേരില്‍ വിപ്ലവം കാണിക്കാന്‍ ആരും തയ്യാറുമല്ല. വിഎസ് സര്‍ക്കാരിലും ഈ പ്രശ്നം ഉയര്‍ന്നുവന്നിരുന്നു.13 ആം നമ്പര്‍ ആരെടുക്കും എന്ന് പ്രശ്നം വന്നപ്പോള്‍ എംഎ.ബേബി ധീരതയോടെ കാര്‍ ഏറ്റെടുത്തു. ഒന്നാം പിണറായി സര്‍ക്കാരിലും ഈ നമ്പര്‍ കാര്‍ ആരും ഉപയോഗിക്കാന്‍ തയ്യാറാകാത്തപ്പോള്‍ തോമസ്‌ ഐസക്ക് ആ ദൗത്യം ഏറ്റെടുത്തു. രണ്ടാം പിണറായി സര്‍ക്കാരില്‍ 13 ആം നമ്പര്‍ കാര്‍ പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ കൃഷിമന്ത്രി പി. പ്രസാദ് ആണ് ഈ കാര്‍ ഏറ്റെടുത്തത്.

കാര്‍ ഏറ്റെടുത്തെങ്കിലും പി.പ്രസാദ് ചേര്‍ത്തല നിന്നും ഇക്കുറി നല്ല ഭൂരിപക്ഷത്തിനാണ് ജയിച്ചത്. എന്നാല്‍ യുഡിഎഫ് മന്ത്രിസഭ എത്തിയതോടെ പ്രസാദിന് മന്ത്രിയാകാന്‍ കഴിഞ്ഞില്ല എന്നത് വേറെ കാര്യം. 13 ആം നമ്പര്‍ കാര്‍ പേടി മന്ത്രിമാരെ പിന്തുടരുന്നു എന്നതാണ് വ്യക്തമാണ്. നല്ല വിപ്ലവം പറഞ്ഞു കയറുന്ന ഇടത് മന്ത്രിമാരുടെ അവസ്ഥയും വ്യത്യസ്തമല്ല. എന്നാല്‍ അവിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കേണ്ടതുണ്ട് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എം.എ.ബേബിയും, തോമസ്‌ ഐസക്കും പ്രസാദുമെല്ലാം 13 ആം നമ്പര്‍ കാര്‍ ചോദിച്ചു വാങ്ങിയത്. എന്നാല്‍ പലവിധ പരിഗണനകള്‍ക്കൊടുവിലാണ് സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് ആ പദവി ലഭിച്ചത്. ഭാഗ്യം അനുകൂലമല്ലാത്തതുകൊണ്ട് മന്ത്രിമാര്‍ ആകേണ്ടിയിരുന്ന പലരും സഭയിലെ എംഎല്‍എമാരായി മാത്രം തുടരുകയാണ്. അതുകൊണ്ട് തന്നെ റിസ്ക്‌ എടുക്കാന്‍ ആരും തന്നെ തയ്യാറല്ല. തത്ക്കാലം 13 ആം നമ്പര്‍ കാര്‍ അപ്രത്യക്ഷമായിതന്നെ നില്‍ക്കും.

മന്ത്രി വസതിയായ മന്‍മോഹന്‍ ബംഗ്ലാവിനെക്കുറിച്ചും ഇതേ പോലെ അവിശ്വാസം നിലനില്‍ക്കുന്നുണ്ട്. മൻമോഹൻ ബംഗ്ലാവിൽ താമസിക്കുന്നവർ ഏറെനാൾ അധികാരത്തിൽ തുടരില്ലെന്നാണ് ചിലരുടെ വിശ്വാസം. കഴിഞ്ഞ പിണറായി സര്‍ക്കാരില്‍ മന്ത്രി ആന്റണി രാജുവായിരുന്നു മന്‍മോഹന്‍ ബംഗ്ലാവില്‍ താമസം തുടങ്ങിയത്. ടേം വ്യവസ്ഥ വന്നതിനാല്‍ രണ്ടര വര്ഷം കഴിഞ്ഞപ്പോള്‍ ആന്റണി രാജുവിന് മന്ത്രി സ്ഥാനം നഷ്ടമായി. ഇത് മാത്രമല്ല തൊണ്ടിമുതല്‍ കേസ് വന്നപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. വിധി വരവിപ്പിക്കാന്‍ കോടതി തയ്യാറാകാത്തതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതെ മാറി നില്‍ക്കേണ്ടി വരുകയും ചെയ്തു. എന്നാല്‍ ഈ ബംഗ്ലാവില്‍ താമസിച്ച തോമസ് ഐസക് 5 വർഷം ധനമന്ത്രി സ്ഥാനത്തിരുന്നു. എന്നാല്‍ തോമസ്‌ ഐസക്കിന് വീണ്ടും മന്ത്രിയാകാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ സതീശന്‍ മന്ത്രിസഭ എത്തുമ്പോള്‍ 13 ആം നമ്പര്‍ കാറും മന്‍മോഹന്‍ ബംഗ്ലാവുമെല്ലാം വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുകയാണ്.