സത്യപ്രതിജ്ഞ സമയത്ത് തന്നെ ഗവര്‍ണറുമായി ഉടക്കിയ മുഖ്യമന്ത്രി വി.ഡി.സതീശന്റെ പോക്ക് സുഗമമാകുമോ എന്ന ചോദ്യം ഇപ്പോള്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. തമിഴ്നാട് മോഡല്‍ സത്യപ്രതിജ്ഞ കേരളത്തില്‍ വേണ്ടെന്നാണ് ഗവര്‍ണര്‍ ശഠിച്ചത്. വേദിയില്‍ ഗവര്‍ണറും മന്ത്രിമാരും. വിശിഷ്ടാതിഥികള്‍ എല്ലാം പുറത്ത് എന്ന തീരുമാനമാണ് ഗവര്‍ണര്‍ കൈക്കൊണ്ടത്. ഇത് സംബന്ധിച്ച് ഗവര്‍ണറുടെ നിര്‍ദ്ദേശം സതീശനെ ആദ്യമേ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ ഒട്ടും വഴങ്ങാന്‍ സതീശന് തയ്യാറായില്ല. മൂന്നു ദിവസം തര്‍ക്കം നീണ്ടിട്ടും എടുത്ത നിലപാടില്‍ ഉറച്ചു നിന്ന സതീശന് വേദിയില്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ക്ക് ഇരിപ്പിടം ഒരുക്കുക തന്നെ ചെയ്തു, സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുന്‍പാണ് വേദിയില്‍ എല്ലാവര്ക്കും ഇരിപ്പിടം ഒരുക്കിയ കാര്യം ഗവര്‍ണര്‍ അറിഞ്ഞത്. നടപ്പാക്കിയത് മുഖ്യമന്ത്രി എന്ന നിലയില്‍ സതീശന്റെ തീരുമാനമാണ്.
സത്യപ്രതിജ്ഞ സമയത്ത് മന്ത്രിമാര്‍ മറ്റുള്ളവര്‍ക്ക് അടുത്തേക്ക് നീങ്ങിയതുമെല്ലാം ഗവര്‍ണര്‍ക്ക് മുന്നില്‍ക്കൂടിയായിരുന്നു. ഇതെല്ലാം ഗവര്‍ണര്‍ക്ക് അനിഷ്ടമുണ്ടാക്കി എന്ന് ഗവര്‍ണറുടെ മുഖഭാവത്തില്‍ നിന്നും വ്യക്തവുമായിരുന്നു. കീഴ്വഴക്കങ്ങള് മാറ്റാനുള്ളത് എന്നായിരുന്നു ഇത് സംബന്ധിച്ച് സതീശന്റെ പ്രതികരണം. തമിഴ്നാട്ടില്‍ വിജയ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ വിശിഷ്ടാതിഥികള്‍ സ്റ്റേജിലുണ്ടായിരുന്നു. ബംഗാളില്‍ പ്രധാനമന്ത്രി മോദിയും അഭ്യന്തര മന്ത്രി അമിത്ഷായും വേദിയിലുണ്ടായിരുന്നു. എന്നാല്‍ പിണറായി വിജയന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഗവര്‍ണറും മന്ത്രിമാരും മാത്രമാണ് ഉണ്ടായിരുന്നത്.
ആദ്യ ദിവസം തന്നെ ഏറ്റുമുട്ടല്‍ മനോഭാവവുമായാണ് സതീശന് നീങ്ങിയത്. മുന്നോട്ടുള്ള പോക്ക് സുഗമമാകുമോ എന്ന് കാത്തിരുന്നു അറിയേണ്ട കാര്യമാണ്. കേന്ദ്രത്തില്‍ ബിജെപി ഭരണമാണ്. ഗവര്‍ണര്‍ ആണെങ്കില്‍ ഒന്നാന്തരം ആര്‍എസ്എസുകാരനും. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ക്ക് ഏറ്റവുമധികം ബുദ്ധിമുട്ടാണ്ടിക്കിയത് ഗവര്‍ണറുമായുള്ള ഏറ്റുമുട്ടലുകള്‍ ആയിരുന്നു. ഗവര്‍ണര്‍ ആയിരുന്ന ആരിഫ് മുഹമ്മദ്ഖാന് ഒന്നാം പിണറായി സര്‍ക്കാരിനെ വെള്ളം കുടിപ്പിക്കുക തന്നെ ചെയ്തു. രണ്ടാമത് എത്തിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഏറ്റുമുട്ടലും ഒപ്പം സമവായവും നടപ്പിലാക്കി.
കേരളത്തില്‍ ഫണ്ടില്ലാ എന്ന് മനസിലാക്കിയപ്പോള്‍ പിണറായിയുമായി ഡല്‍ഹിയില്‍ എത്തി ധനമന്ത്രി നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ചയും നടത്തിപ്പിച്ചു. ഇതോടെ ഗവര്‍ണരുമായി അനുനയം തന്നെയാണ് നല്ലത് എന്ന് മുഖ്യമന്ത്രി പിണറായിക്ക് ബോധ്യമായിരുന്നു. പാര്‍ട്ടിയെക്കൂടി കണക്കില്‍ എടുക്കാതെ അദ്ദേഹം സര്‍വ്വകലാശാല വിഷയങ്ങളില്‍ ചില സമയങ്ങളില്‍ ഗവര്‍ണര്‍ക്ക് ഒപ്പം നില്‍ക്കുകയും ചെയ്തു. ഇതെല്ലാം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നേരിട്ട് മനസിലാക്കിയ സതീശനാണ് മുഖ്യമന്ത്രി കസേരയില്‍ തുടക്കം മുതലേ ഗവര്‍ണറുമായി ഏറ്റുമുട്ടലിന്റെ വഴിയെ നീങ്ങുന്നത്. ഇതേ രീതിയിലാണ് പോക്ക് എങ്കില്‍ മുഖ്യമന്ത്രിയുടെ മുന്നോട്ടുള്ള പോക്ക് കാത്തിരുന്നു കാണേണ്ടിവരും.
