പിഎം ശ്രീ കരാറിൽനിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് എവൈഎഫും എഐഎസ്എഫും നിയമസഭയിലേക്ക് നടത്തിയ മാർച്ചിനു നേരെ പോലീസ് നടത്തിയ ജലപീരങ്കി പ്രയോഗം വലിയ വിവാദമായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ഉപയോഗിച്ചത് വിഷലിപ്തമായ മലിനജലമാണെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തന്നെ നിയമസഭയിൽ കുപ്പിവെള്ളവുമായി എത്തി. കുപ്പിയില്‍ ശേഖരിച്ച മലിനജനവുമായാണ് പിണറായി സഭയില്‍ എത്തിയത്.
അമീബിക് മസ്തിഷ്ക ജ്വരം പകർത്താൻ സാധ്യതയുള്ള അത്യന്തം അപകടകരമായ മലിനജലമാണ് സമരക്കാർക്ക് നേരെ പ്രയോഗിച്ചതെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു. ജലപീരങ്കി പ്രയോഗം ഇതാദ്യമായല്ലെന്നും ഇതിലെന്തെങ്കിലും പഴയകാലത്തെ അഴുക്കാണോ എന്ന് അറിയില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകിയിരുന്നു. വാട്ടർ അതോറിറ്റിയിൽനിന്നുള്ള വെള്ളമാണ് ജലപീരങ്കിയിൽ നിറയ്ക്കുന്നതെന്നും വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി സാമ്പിൾ ലാബിലേക്ക് അയക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിലെ വാസ്തവം ചൂണ്ടിക്കാട്ടി എഫ്ബി കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍.
നിയമസഭാ മാര്‍ച്ചിനിടെ ഇടത് പ്രവര്‍ത്തകര്‍ റോഡില്‍ നിന്നും മലിനജലം ശേഖരിക്കുന്ന ദൃശ്യങ്ങളുടെ ഫോട്ടോയാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്. സിപിഐ നേതാവും മുന്‍ മന്ത്രിയുമായ കെ.രാജനും മലിനജലത്തിലെ കുപ്പിയുമായി നടക്കുന്ന ഫോട്ടോയും പിണറായി നിയമസഭയില്‍ ഈ കുപ്പി ഉയര്‍ത്തിക്കാണിക്കുന്ന ഫോട്ടോയും ഒപ്പം ചേര്‍ത്തിട്ടുണ്ട്. രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? റോഡിൽ വെള്ളം വീണാൽ ചെളി വെള്ളം അല്ലാണ്ട് പിന്നെ സോഡാ സർബത്ത് ആകുമോ? കള്ളന്മാർ കുറച്ച് കാണുക എന്നത്തിനൊപ്പം ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്. എന്തായാലും ഈ എഫ്ബി പോസ്റ്റ് വൈറല്‍ ആയി മാറിയിട്ടുണ്ട്.
നിരവധി കമന്റുകളും ഒപ്പം വന്നിട്ടുണ്ട്. ഒന്നും അങ്ങട് മെന ആവുന്നില്ലല്ലോ കമ്മികൂട്ടങ്ങളെ, ഇത് വെറും തറ അല്ല കൂതറ പരിപാടി ആയിപ്പോയി, ജലപീരങ്കിയിൽ നിന്ന് നല്ല ഫോഴ്‌സിൽ സ്പ്രേ ചെയ്യുന്ന വെള്ളം ഇവരെങ്ങനെ കുപ്പിയിലാക്കി എന്ന് സംശയം തോന്നിയിരുന്നു എന്നൊക്കെയുള്ള കമന്റുകളും ഒപ്പമുണ്ട്. തുടര്‍ച്ചയായ ലൈംഗികാരോപണങ്ങളെ തുടര്‍ന്നാണ് പാലക്കാട് എംഎല്‍എയായിരിക്കെ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ടത്. രാഹുലിനെ പുറത്താക്കിയതിനെ തുടര്‍ന്ന് വി.ഡി.സതീശന്‍ പക്ഷത്ത് തന്നെ വലിയ തിരിച്ചടിയായി. സതീശനെ പിന്താങ്ങി നിന്നിരുന്ന ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള വലിയ യുവനിര സതീശനില്‍ നിന്നും അകന്നു. കെസി പക്ഷം കേരളത്തില്‍ ശക്തരായി മാറാനുള്ള കാരണങ്ങളിലൊന്നായി ഇത് മാറുകയും ചെയ്തു.
കോണ്‍ഗ്രസില്‍ നിന്നും പുറത്തായെങ്കിലും സോഷ്യല്‍ മീഡിയയില്‍ രാഹുലിനുള്ള പിന്തുണ അതേ രീതിയില്‍ തന്നെ തുടരുകയാണ്. കോണ്‍ഗ്രസിനായുള്ള സോഷ്യല്‍ മീഡിയ യുദ്ധങ്ങളില്‍ നിന്നും രാഹുല്‍ പിന്‍വാങ്ങിയിട്ടുമില്ല. എങ്കിലും രാഹുലിനെ കോണ്‍ഗ്രസില്‍ തിരികെ പ്രവേശിപ്പിക്കാനുള്ള ഒരു ചര്‍ച്ചയും നടക്കുന്നില്ല. മുഖ്യമന്ത്രി വി.ഡി.സതീശന്‍ രാഹുലിന്റെ കാര്യത്തില്‍ അന്നും ഇന്നും ഒരേ നിലപാടിലാണ്. പാര്‍ട്ടിയിയിലെ ഉന്നത നേതൃനിരയില്‍ സതീശന്റെ നിലപാടിനോട് ഐക്യപ്പെടുന്നവരും ഏറെയുണ്ട് താനും. എന്തായാലും ഫലം നോക്കാതെ തന്നെ തന്റെ സോഷ്യല്‍ മീഡിയാ പോരാട്ടങ്ങള്‍ രാഹുല്‍ തുടരുക തന്നെയാണ്.
