Home » Blog » Kerala » ക്രൂഡ് ഓയില്‍ വില കുറയുന്നു; പെട്രോള്‍-ഡീസല്‍ വില കുറയാന്‍ സാധ്യത
petrol

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന ക്രൂഡ് ഓയില്‍ വില കുറയുന്നു. പശ്ചിമേഷ്യയില്‍ സമാധാന കരാര്‍ ആയതോടെയാണ് വില കുറയാന്‍ തുടങ്ങിയത്. ക്രൂഡ് ഓയില്‍ കയറ്റുമതിക്കുള്ള ഇറാനുണ്ടായിരുന്ന വിലക്ക് അമേരിക്ക നീക്കിയതോടെയാണ് വില കുറയാന്‍ തുടങ്ങിയത്. ക്രൂഡ് ഓയില്‍ വിലയെ തുടര്‍ന്ന് വര്‍ദ്ധിപ്പിച്ച പെട്രോള്‍-ഡീസല്‍ വില കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമോ എന്നാണ് അറിയാനുള്ളത്. പെട്രോള്‍ വില വര്‍ധിപ്പിച്ചതോടെ വിപണിയില്‍ വിലക്കയറ്റം ദൃശ്യമായിരുന്നു. ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ ഇന്ത്യയിലെ എണ്ണ കമ്പനികള്‍ ലാഭത്തിലേക്ക് നീങ്ങിത്തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

യുദ്ധം തുടങ്ങി ആദ്യനാളുകളിൽ അന്താരാഷ്ട്രവിപണിയിൽ എണ്ണവില 120 ഡോളർ വരെയെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ബാരലിന്‌ 77.5 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വലിയ രീതിയിലുള്ള വിലക്കുറവാണ് വിപണിയില്‍ കാണിക്കുന്നത്. ഇറാൻ യുദ്ധത്തിനുമുൻപുള്ള അവസ്ഥയിലേക്ക് ആണ് ഇപ്പോഴുള്ള സഞ്ചാരം. അതുകൊണ്ട് തന്നെ ലാഭത്തില്‍ വലിയ വര്‍ധനവുണ്ട്. പക്ഷെ ക്രൂഡ് ഓയില്‍ വില ഉയര്‍ത്തിയത് കാരണമുള്ള നഷ്ടം ഇന്ത്യന്‍ എണ്ണ കമ്പനികളെ വേട്ടയാടുന്നുമുണ്ട്.

പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയതോടെയാണ് അസംസ്‌കൃത എണ്ണവില കുതിച്ചുയർന്നത്. എന്നാൽ, ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടാന്‍ കേന്ദ്രം തയ്യാറായില്ല. ചില്ലറ വിൽപ്പന വിലയിൽ വർദ്ധനവ് ഒഴിവാക്കാൻ മാർച്ചിൽ സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചിരുന്നു. എക്സൈസ് തീരുവ കുറച്ചത് സർക്കാരിന് പ്രതിവർഷം ഏകദേശം 1.8 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കണക്കുകള്‍ പറഞ്ഞത്.

ആഗോള എണ്ണവില യുദ്ധത്തിനു മുമ്പുള്ള നിലവാരത്തിലേക്ക് താഴ്ന്ന് സ്ഥിരത കൈവരിക്കുമ്പോൾ തീരുവ പുനഃസ്ഥാപിച്ചേക്കാം. പ്രതിസന്ധി ആഴ്ചകള്‍ നീണ്ടതോടെ ചില്ലറവില കൂടുതൽക്കാലം വർധിപ്പിക്കാതെ നിർത്തിയതാണ് എണ്ണ കമ്പനികൾക്കു ബാധ്യതയായത്. ഇതിനെ തുടര്‍ന്നാണ് കേന്ദ്രം പിന്നീട് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ് വരുത്തിയത്. എട്ടുരൂപയ്ക്കടുത്താണ് മേയ് മാസം വർധന വരുത്തിയത്. പക്ഷെ സാധാരണക്കാരന് താങ്ങാന്‍ കഴിയാത്ത നിലയില്‍ പിന്നീട് വില ഉയര്‍ത്തിയുമില്ല. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നീ മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളിൽ, എണ്ണവിലയിൽ ഇടിവ് തുടരുകയാണെങ്കിൽ, ഏറ്റവും കൂടുതൽ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് ബിപിസിഎൽ, ഐഒസി എന്നിവയാണ്.

അതേസമയം വിപണിയെ അമ്പരപ്പിച്ച് സ്വർണവില താഴേക്ക് പതിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് 1,520 രൂപ കുറഞ്ഞ് പവന് 1,07,000 രൂപയായി. ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,375 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിരക്കിലെ ഈ പെട്ടെന്നുള്ള കുറവ് സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്കും നിക്ഷേപകർക്കും വലിയ ആശ്വാസമാണ് നൽകുന്നത്. പവന് ഏതാണ്ട് 140000 രൂപ വരെയായ സ്വര്‍ണമാണ് ഇപ്പോള്‍ പവന് ഒരു ലക്ഷത്തി ഏഴായിരത്തില്‍ എത്തി നില്‍ക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ എത്തുന്നതാണ് പലപ്പോഴും വില വർധിക്കാൻ കാരണമാകുന്നത്. അതേസമയം സമീപ ഭാവിയില്‍ തന്നെ പവന് 80000 രൂപയോളം വരെ താഴാന്‍ സാധ്യതയുണ്ടേന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.