Your Image Description Your Image Description

കാത്തിരുന്ന ഓണം ഇങ്ങെത്താറായി ഓണക്കോടി, ഓണസദ്യ, ഓണപ്പാട്ട്, ഓണാഘോഷം, ഓണച്ചന്ത… അങ്ങനെ എവിടെ നോക്കിയാലും ഓണമയം മാത്രം. എന്നാൽ ഓണം അതിന്റെ പൂർണതയിലെത്തുന്നത് വീടും വീട്ടുകാരും ഒത്തുചേരുമ്പോഴാണ്. അതുകൊണ്ടാണല്ലോ ലോകത്തെവിടെയാണെങ്കിലും ഓണക്കാലത്ത് മലയാളി തന്റെ വീട്ടിലേക്ക് മടങ്ങിയെത്താൻ മോഹിക്കുന്നത്. അപ്പോൾ ഓണം എല്ലാ അർത്ഥത്തിലും ഓൺ ആകണമെങ്കിൽ നമ്മുടെ വീടും ‘ഓണവീടായി’ മാറണ്ടെ. അങ്ങനെയെങ്കിൽ വീട്ടിലെ ഒത്തുചേരലുകൾ കൂടുതൽ ഹൃദ്യമാക്കാൻ നമുക്ക് അടിപൊളിയൊരു ‘ഓണവീട്’ ഒരുക്കിയാലോ.

വീടൊരുക്കം സുന്ദരമായി

ഓണം എന്നത് സന്തോഷത്തിന്റേയും ആരവങ്ങളുടേയും ഒരു ആഘോഷമാണ്. അതിന് ഇരട്ടി മധുരം നല്‍കാന്‍ നമ്മളുടെ വീട് നന്നായി ഒരുക്കണം. അതിനായി ആദ്യം തന്നെ പഴയതും ഉപയോഗ ശൂന്യമായതുമായ സാധനങ്ങൾ പടിക്ക് പുറത്താക്കണം. പ്രത്യേകിച്ച് പഴയ തുണി, പാത്രങ്ങള്‍ എന്നിവയെല്ലാം പഴയ സാധനങ്ങള്‍ എടുക്കുന്നവര്‍ക്ക് നല്‍കാവുന്നതാണ്. ഇവ വീട്ടില്‍ നിന്നും നീക്കം ചെയ്യുമ്പോള്‍ കൂടുതല്‍ സ്ഥലം ലഭിക്കും എന്നത് മാത്രമല്ല, അത് വീടിന് ഒരു പുതുമ നല്‍കാനും ഒരു പോസിറ്റീവ് എനര്‍ജി നല്‍കാനും സഹായിക്കും. ഇവയ്ക്ക് പുറമേ വീട്ടിലെ ഫർണിച്ചറുകൾ നിലവിലുള്ള സ്ഥാനങ്ങളിൽ നിന്നും മാറ്റി ഒന്ന് പുനക്രമീകരിച്ചാൽ വീടിന് ആകെ മൊത്തത്തിൽ ഒരു പുതുമ കൈവരും.

വീടിന് നൽകാം ഓണം ടച്ച്‌

കയ്യിൽ നിന്ന് കൂടുതൽ പൈസ മുടക്കി ഓണത്തിന് വീട് മോഡി പിടിപ്പിക്കേണ്ടതില്ല എന്നാലും ചെറിയ വിലയ്ക്ക് അങ്ങാടിയിൽ നിന്ന് കിട്ടുന്ന അലങ്കാരവസ്തുക്കളും നമ്മളുടെ കുറച്ച് ക്രിയേറ്റീവ് ഐഡിയകളും ചേർത്ത് വീടിന് ഒരു ഓണ ലുക്ക്‌ നൽകാവുന്നതാണ്. അതിനുള്ള കുറച്ച് ഐഡിയകൾ ഇനി നോക്കാം. ആദ്യം ക്ഷമയും സമയവും ഉള്ളവർക്കുള്ള ഐഡിയകൾ പറയാം.
പൂക്കളുടെ ഉത്സവം ആണല്ലോ ഓണം അതിനാൽ വീട് നിറയെ പൂക്കൾ കൊണ്ട് അലങ്കരിക്കാൻ സാധിച്ചാൽ ഓണവീട് കളറാക്കാം. ക്രാഫ്റ്റ് കടകളിൽ നിന്ന് ചെറിയ വിലയ്ക്ക് ലഭിക്കുന്ന വർണ്ണക്കടലാസുകളും വീട്ടിൽ ഉപയോഗശൂന്യമായി കിടക്കുന്ന പ്ലാസ്റ്റിക് കവറുകളും ഉപയോഗിച്ച് പൂക്കൾ ഉണ്ടാക്കിയെടുക്കാം ഇതിനുള്ള ട്യൂട്ടോറിയലുകൾ യൂട്യൂബിൽ ലഭ്യമാണ്. ഈ പൂക്കൾ ഭംഗിക്ക് അനുസരിച്ച് വീട്ടിൽ ക്രമീകരിക്കാം. വീടിന്റെ പ്രവേശന വാതിലിലും കർട്ടനുകളിലും ജനലുകളിലും ഡൈനിങ് ടേബിളിലെ കളിലുമൊക്കെ ഈ പൂക്കൾ വയ്ക്കാവുന്നതാണ്. വേണമെങ്കിൽ ഈ പൂക്കൾ ഉപയോഗിച്ച് ഒരു അത്തക്കളം തന്നെ ഉണ്ടാക്കി വരാന്തയിൽ വയ്കാം. പേപ്പർ, കാർഡ് ബോർഡ് എന്നിവ ഇലയുടെ മാതൃകയിൽ വെട്ടിയെടുത്ത് അവയിൽ വാട്ടർ കളറുകൾകൊണ്ട് ഓണസദ്യ വരച്ചും ഓണം വിഷസുകൾ എഴുതിയും ഹാളിൽ തൂക്കിയിടാവുന്നതാണ്. മേശപ്പുറത്തോ വീടിന്റെ ഏതെങ്കിലും പെട്ടെന്ന് കാണാൻ പറ്റുന്ന കോർണറുകളിലോ ഭംഗിയുള്ള ഒരു ചരുവത്തിൽ വെള്ളം നിറച്ച് അതിൽ പൂക്കളുകൾ അത്തക്കളം പോലെ ഇട്ടു വയ്ക്കാം.
തെങ്ങിന്റെ കൊതമ്പുകൊണ്ട് വള്ളം ഉണ്ടാക്കാം ഇങ്ങനെ ഇങ്ങനെ ധാരാളം ഐഡിയകൾ കൊണ്ട് ഓണം കളറാക്കാം. വേണമെങ്കിൽ ഇവയെല്ലാം ചേർത്ത് ഒരു പ്രത്യേക ഓണം തീം ഏരിയ തന്നെ വീട്ടിൽ ഒഴിഞ്ഞ ഏതെങ്കിലും സ്ഥലത്ത് ക്രമീകരിച്ചാൽ ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ട് എടുക്കാൻ വേറെങ്ങും പോകേണ്ടി വരില്ല. വീട്ടിലെത്തുന്ന അതിഥികൾക്കും അതൊരു കൗതുകം തന്നെയാകും.
ഇവയ്ക്ക് പുറമേ ചെറിയ വിലയ്ക്ക് ഓൺലൈൻ വഴിയോ അടുത്തുള്ള മാർക്കറ്റിൽ നിന്നോ സാധനങ്ങൾ വാങ്ങിയും വീട് മോഡിപിടിപ്പിക്കാം. ഓണത്തിന്റെയും മാവേലിയുടെയും പൂക്കളത്തിന്റെയും ചെറിയ ചെറിയ സ്റ്റിക്കറുകൾ വാങ്ങി ഭിത്തികളിലും ഗേറ്റിലും ഒട്ടിച്ചു വയ്ക്കാം. അതുപോലെതന്നെ ഓണത്തപ്പന്റെയും കഥകളിയുടെയും നെറ്റിപ്പട്ടത്തിന്റെയും മിനിയേച്ചർ രൂപങ്ങളും വാങ്ങിക്കുവാൻ സാധിക്കും. ഓണത്തിന് പുതിയ പരവതാനിയോ ചവിട്ടിയോ വാങ്ങിക്കുകയാണെങ്കിൽ അവയും ഓണം ഡിസൈനുകൾ ഉള്ളത് നോക്കി എടുക്കാവുന്നതാണ്. ഓണത്തിന് ചെറിയൊരു പൂന്തോട്ടം വേണമെന്ന ആഗ്രഹം തോന്നുകയാണെങ്കിൽ നഴ്സറികളിൽ നിന്ന് പൂവിട്ടു നിൽക്കുന്ന ചെടികൾ നോക്കി വാങ്ങി വീട്ടിൽ കൊണ്ട് വയ്ക്കാവുന്നതും ആണ്.

ഓണം നിറയും വീട്

അത്തം മുതൽ പത്ത് നാളല്ലേ ഓണം അങ്ങനെയെങ്കിൽ സമയമുണ്ടെങ്കിൽ ഓരോ ദിവസവും ഓരോ രീതിയിൽ വീട് ഒരുക്കാവുന്നതിനെ കുറിച്ചും ചിന്തിക്കാവുന്നതാണ്. ഒട്ടും സമയമില്ലെങ്കിലും ഉള്ള സമയത്ത് ഓണപ്പാട്ടുകൾ ചെറിയ ശബ്ദത്തിൽ പ്ലേ ചെയ്ത് വീടിനുള്ളിൽ ഓണം ആംബിയൻസ് കൊണ്ടുവരാൻ ശ്രമിക്കണം. ഉള്ള സ്ഥലത്ത് ചെറുതായി ഒതുങ്ങുന്ന ഒരു ഊഞ്ഞാലും കെട്ടാം. ഇനി ഓണപ്പാട്ടും ഓണക്കാഴ്ചകളും ഒരുങ്ങി നിൽക്കുന്ന വീട്ടിലേക്ക് അതിഥികളെയും ക്ഷണിച്ച് സന്തോഷത്തിന്റെ ഓണം ഒന്നിച്ചാഘോഷിക്കാം.

Related Posts