
കൊച്ചി: മിനിറ്റുകൾക്കുള്ളിൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്ന ആമസോണിന്റെ അതിവേഗ ഡെലിവറി സേവനമായ ആമസോൺ നൗ കൊച്ചിയിൽ ആരംഭിച്ചു. പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, ഫാഷൻ, സൗന്ദര്യവർധക വസ്തുക്കൾ, ഗൃഹോപകരണങ്ങൾ എന്നിവയുൾപ്പെടെ പതിനായിരക്കണക്കിന് ഉൽപ്പന്നങ്ങൾ ഈ സേവനത്തിലൂടെ ലഭിക്കും.
കൊച്ചിയിൽ മട്ട അരി, നേന്ത്രപ്പഴം, ഇളനീർ, തേങ്ങ തുടങ്ങിയ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് മികച്ച ആവശ്യകതയാണുള്ളത്. ശുചീകരണ ഉൽപ്പന്നങ്ങൾ, ഡിയോഡറന്റുകൾ, ഫേസ് ക്ലെൻസറുകൾ തുടങ്ങിയവയുടെ ആവശ്യത്തിലും വർധനയുണ്ടെന്ന് കമ്പനി അറിയിച്ചു.
ഇന്ത്യയിലെ 120 നഗരങ്ങളിലേക്ക് ആമസോൺ നൗ സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലും പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യയിൽ ആമസോൺ നൗവിന്റെ വാർഷികാടിസ്ഥാനത്തിലുള്ള മൊത്ത വിൽപ്പന ഒരു ബില്യൺ ഡോളർ പിന്നിട്ടതായി കമ്പനി നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തെ 300-ലധികം നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
നവരാത്രി, ദുർഗാപൂജ, ദസറ ആഘോഷങ്ങളുമായി ബന്ധപ്പെട്ട അലങ്കാര വസ്തുക്കൾ, പൂജാ സാമഗ്രികൾ, പൂക്കൾ എന്നിവയ്ക്കും ആമസോൺ നൗവിലൂടെ 80 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. ഉപഭോക്താക്കൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ വേഗത്തിൽ ലഭ്യമാക്കുകയാണ് സേവനത്തിന്റെ ലക്ഷ്യം.
