
കൊച്ചി: ദീപാവലി, ഉത്സവകാല വിൽപ്പനയ്ക്ക് മുന്നോടിയായി ഫ്ലിപ്കാർട്ട് വിതരണ ശൃംഖല വിപുലീകരിച്ചു. എകാർട്ടിൽ 14 ദശലക്ഷം ക്യുബിക് അടി അധിക വെയർഹൗസിംഗ് സൗകര്യം ഒരുക്കി സംഭരണ ശേഷി 50 ശതമാനം വർധിപ്പിച്ചു. 750-ലധികം പുതിയ പിൻകോഡുകളിലേക്ക് സേവനം വ്യാപിപ്പിച്ചതോടെ ലേ, കാർഗിൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ മേഖലകളും ഫ്ലിപ്കാർട്ടിന്റെ ശൃംഖലയിൽ ഉൾപ്പെട്ടു. ഉത്സവകാലത്തെ ഉയർന്ന ഡിമാൻഡ് കൈകാര്യം ചെയ്യുന്നതിനായി എകാർട്ടിന്റെ പീക്ക് പ്രോസസ്സിംഗ് ശേഷി 30 ശതമാനത്തിലധികം വർധിപ്പിച്ചു. 2.5 കോടിയിലധികം എംഎസ്എംഇ, വിൽപ്പനക്കാരുടെ ഉൽപ്പന്നങ്ങൾ ഫുൾഫിൽമെന്റ് സെന്ററുകളിൽ മുൻകൂട്ടി എത്തിച്ചിട്ടുണ്ട്. 900-ലധികം പുതിയ ഡെലിവറി ഹബ്ബുകളും ആരംഭിച്ചു. രാജ്യത്താകെ 8,200-ലധികം എകാർട്ട് സൗകര്യങ്ങളാണ് നിലവിലുള്ളത്. ഉത്സവ സീസണിൽ 2.5 ലക്ഷം നേരിട്ടും പരോക്ഷമായും തൊഴിലവസരങ്ങളും ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
