Home » Blog » kerala Max » റെസൊണേറ്റ് ക്രസ്റ്റ്-’26 ശില്പശാലയ്ക്ക് സമാപനം
IMG-20260928-WA0034

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളിലെ മാനസികാരോഗ്യ പ്രശ്നങ്ങളും പഠന വൈകല്യങ്ങളും പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നതിനും ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുമായി റിസോർസിയോയുടെ സഹകരണത്തോടെ നിംസ് സ്‌പെക്ട്രം സംഘടിപ്പിച്ച ‘റെസൊണേറ്റ് ക്രസ്റ്റ്-’26’ ദ്വിദിന ശില്പശാലയ്ക്ക് സമാപനമായി.

നെയ്യാറ്റിൻകര നിംസ് സ്‌പെക്ട്രത്തിൽ നടന്ന സമാപന സമ്മേളനം ബഹുമാനപ്പെട്ട ഗതാഗത മന്ത്രി ശ്രീ. സി. പി. ജോൺ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്കായി അധ്യാപകരും രക്ഷിതാക്കളും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളും ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടികളുടെ കഴിവുകളെയും വ്യത്യാസങ്ങളെയും സ്വന്തം കാഴ്ചപ്പാടിലൂടെ മാത്രം വിലയിരുത്തുന്ന എബിലിസ്റ്റിക് ചിന്താഗതിയിൽ നിന്ന് സമൂഹം മാറേണ്ടതിന്റെ ആവശ്യകതയും മന്ത്രി വിശദീകരിച്ചു. കുട്ടികളുടെ പരിമിതികളേക്കാൾ ഉപരി അവരുടെ കഴിവുകളും സാധ്യതകളും തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമീപനം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹം രൂപപ്പെടുത്തുന്നതിന് ഇത്തരം കാഴ്ചപ്പാടുകളിലെ മാറ്റം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികളിലെ പഠനവൈഷമ്യങ്ങൾ, പെരുമാറ്റത്തിലെ വ്യത്യാസങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ കൂടുതൽ ഫലപ്രദമായി മനസ്സിലാക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ സമയബന്ധിതമായി ഉറപ്പാക്കുന്നതിനും നേരത്തെയുള്ള തിരിച്ചറിവ്, നേരത്തെയുള്ള ഇടപെടൽ, തുടർച്ചയായ പിന്തുണ എന്നിവയുടെ പ്രാധാന്യവും മന്ത്രി എടുത്തുപറഞ്ഞു. കുട്ടികൾക്ക് ആവശ്യമായ പിന്തുണ തുടർച്ചയായി ലഭ്യമാക്കുന്നതിൽ റിസോർസിയോ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

രോഗികളോടും സഹജീവികളോടുമുള്ള സ്നേഹവും കരുതലും പ്രകടമാക്കുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ നിംസ് മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതായും ആരോഗ്യരംഗത്ത് അനിവാര്യമായ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് മികച്ച സേവനം കാഴ്ചവെക്കുന്നതായും മന്ത്രി അഭിപ്രായപ്പെട്ടു.

നിംസ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ശ്രീ. ഫൈസൽ ഖാൻ, കേരള ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറും പ്രമുഖ വിദ്യാഭ്യാസ-ശിശുരോഗ വിദഗ്ധനുമായ പ്രൊഫ. ഡോ. എം. കെ. സി. നായർ D.Sc., സന്ദീപനി സ്കൂൾ സ്ഥാപക ഡോ. വിജയലക്ഷ്മി, റിസോർസിയോ സി.ഒ.ഒയും കോ-ഫൗണ്ടറുമായ ശ്രീ. റോബിൻസ് ജെ. ആലപ്പാട്ട്, റിസോർസിയോ സി.ഇ.ഒയും കോ-ഫൗണ്ടറുമായ ഗീതിക സുദീപ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

രണ്ട് ദിവസങ്ങളിലായി നടന്ന ശില്പശാലയിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രിൻസിപ്പൽമാർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സ്റ്റുഡന്റ് കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ മാനസികാരോഗ്യം, പെരുമാറ്റത്തിലെ മാറ്റങ്ങൾ, പഠന വൈകല്യങ്ങൾ, ADHD, ഇൻക്ലൂസീവ് എഡ്യൂക്കേഷൻ, സ്കൂൾ കൗൺസിലിംഗ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലന സെഷനുകൾ നടന്നു.

പരിപാടിയുടെ ഭാഗമായി പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *