Home » Blog » kerala Mex » ഇഡിഐഐയില്‍ ടെക് സ്റ്റാര്‍ട്ട്അപ്പ് എന്‍റര്‍പ്രണര്‍ഷിപ്പ് പിജി ഡിപ്ലോമ
IMG-20260218-WA0000

കൊച്ചി: അഹമ്മദാബാദിലുള്ള എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ഇഡിഐഐ) ബംഗലൂരുവില്‍ ടെക് സ്റ്റാര്‍ട്ട്അപ്പുകള്‍ക്കായുള്ള എന്‍റര്‍പ്രണര്‍ഷിപ്പ് പിജി ഡിപ്ലോമാ കോഴ്സ് ആരംഭിക്കും. എഐസിടിഇ അംഗീകാരമുള്ളതാണ് മാനേജുമെന്‍റിലുള്ള ഈ ബിരുദാനന്തര ഡിപ്ലോമ. സംരംഭകത്വ അറിവുകള്‍, മെന്‍റര്‍ഷിപ്പ്, സംരംഭ വികസന പിന്തുണ തുടങ്ങിയവയുമായി വന്‍ സാധ്യതകളുള്ള ആശയങ്ങളെ വിജയകരമായ സ്റ്റാര്‍ട്ട്അപ്പുകളാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസ സാങ്കേതികവിദ്യ, ആരോഗ്യ മേഖലയിലെ സാങ്കേതികവിദ്യ, എഐ അധിഷ്ഠിത ബിസിനസുകള്‍, ഡിജിറ്റല്‍ മുന്നേറ്റങ്ങള്‍ തുടങ്ങിയവയില്‍ പുതിയ ഡിപ്ലോമ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സാങ്കേതികവിദ്യാ പ്രൊഫഷണലുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന്‍റെ പ്രാരംഭ ദിശയിലുള്ളവര്‍, പുതുമകളുമായി എത്തുന്ന ബിരുദധാരികള്‍ തുടങ്ങിയവര്‍ക്ക് അനുയോജ്യമാണ് ഇത്.

രാജ്യത്തെ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളുടെ ഹബ് ആണ് ബംഗലൂരു എന്നത് ഈ മേഖലയിലെ സ്പെഷലൈസേഷന്‍ ഇവിടെ തുടങ്ങാന്‍ തങ്ങളെ പ്രേരിപ്പിച്ചതായി ഇഡിഐഐ ഡയറക്ടര്‍ ജനറല്‍ ഡോ. സുനില്‍ ശുക്ല പറഞ്ഞു. സംരംഭങ്ങളിലൂടെ മുന്നേറാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് ഇതൊരു വഴികാട്ടിയാകും എന്നും അദ്ദേഹം പറഞ്ഞു.