
കൊച്ചി: ഇന്ത്യയിലെ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായി ഇന്റർനെറ്റ് കണക്ഷനില്ലാതെ യുപിഐ പേയ്മെന്റ് സൗകര്യമൊരുക്കി ഫോൺപേ. ‘ഫോൺപേ യുപിഐ 123പേ’ സേവനത്തിലൂടെ പണം കൈമാറ്റം ചെയ്യാനും വ്യാപാരികൾക്ക് പേയ്മെന്റ് നടത്താനും കഴിയും.
നോക്കിയ, എച്ച്എംഡി, ലാവ, ഐടെൽ മൊബൈൽ-ട്രാൻസിയൻ ഹോൾഡിങ്സ് ഉപകരണങ്ങളിൽ ഈ സേവനം മുൻകൂട്ടി ലഭ്യമാകും. എസ്എംഎസ് അധിഷ്ഠിത സംവിധാനമായതിനാൽ പരിമിതമായ 2ജി കണക്റ്റിവിറ്റിയുള്ള പ്രദേശങ്ങളിലും ഇടപാടുകൾ നടത്താനാകും. മൊബൈൽ നമ്പർ അല്ലെങ്കിൽ യുപിഐ ഐഡി ഉപയോഗിച്ച് പണം കൈമാറാനും യുപിഐ ഐഡി, ക്യുആർ കോഡ് എന്നിവയിലൂടെ വ്യാപാരികൾക്ക് പേയ്മെന്റ് നടത്താനും സാധിക്കും. അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും ഇടപാട് വിവരങ്ങൾ കാണാനുമുള്ള സൗകര്യവുമുണ്ട്.
സജ്ജീകരണത്തിനും സേവനം സജീവമാക്കുന്നതിനും സഹായമായി ഇംഗ്ലീഷിനൊപ്പം 12 ഇന്ത്യൻ ഭാഷകളിൽ എഐ അധിഷ്ഠിത വോയ്സ് ഹെൽപ്ലൈനും ഫോൺപേ അവതരിപ്പിച്ചു. ഗ്രാമീണ, അർധനഗര മേഖലകളിലെ കൂടുതൽ ആളുകളിലേക്ക് ഡിജിറ്റൽ പേയ്മെന്റ് സൗകര്യം എത്തിക്കുകയാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.
