Your Image Description Your Image Description

~ ബിഗ് ഐഡിയയുടെ ബിസിനസ്സ് പ്ലാൻ മത്സരത്തിൽ സേവ്യർ ഇൻസ്റിറ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ഭുവനേശ്വറും ടെക്ക് ഡിസൈൻ മത്സരത്തിൽ വിഐടി യൂണിവേഴ്സിറ്റി വെല്ലൂരും ഒന്നാം സ്ഥാനം കരസ്ഥമാക്കി ~

കൊച്ചി, സെപ്റ്റംബര്‍ 27, 2025: ബിസിനസ്, എഞ്ചിനീയറിങ് മേഖലകളില്‍ വളര്‍ന്നുവരുന്ന യുവ പ്രതിഭകളെ കണ്ടെത്തുന്നതിനായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നടത്തിവരുന്ന ബിഗ് ഐഡിയ മത്സരത്തിന്റെ പതിനഞ്ചാം പതിപ്പ് വിജയകരമായി സമാപിച്ചു. വര്‍ഷം തോറും ദേശീയ തലത്തില്‍ നടത്തിവരുന്ന ബിഗ് ഐഡിയയുടെ ബിസിനസ്സ് പ്ലാൻ മത്സരത്തിൽ സേവ്യർ ഇൻസ്റിറ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ഭുവനേശ്വറും ടെക്ക് ഡിസൈൻ മത്സരത്തിൽ വിഐടി യൂണിവേഴ്സിറ്റി വെല്ലൂരും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊച്ചി റാഡിസണ്‍ ബ്ലൂവില്‍ നടന്ന ചടങ്ങില്‍ വി-ഗാര്‍ഡ് ഇന്‍സ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളിയും ഡോ.റീനാ മിഥുൻ ചിറ്റിലപ്പിള്ളിയും വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വി-ഗാര്‍ഡ് ഇന്‍സ്ട്രീസ് ലിമിറ്റഡ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജേക്കബ് ചടങ്ങില്‍ മുഖ്യാതിഥിയായി.

ബിസിനസ്സ് പ്ലാന്‍ മത്സരത്തിൽ ഐഐഎം ജമ്മുവിനെ റണ്ണർ അപ്പും ഐഐഎം ലഖ്‌നൗവിനെ സെക്കൻഡ് റണ്ണർ അപ്പുമായി തിരഞ്ഞെടുത്തു. ഐഐഎം നാഗ്പുർ, ജംനാലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നിവർ പ്രത്യേക ജൂറി പുരസ്കാരങ്ങൾക്കും അർഹരായി. ടെക്ക് ഡിസൈൻ മത്സരത്തിൽ ഐഐടി ഗുവാഹട്ടി റണ്ണർ അപ്പ്, മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി സെക്കൻഡ് റണ്ണർ അപ്പ് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഐഐടി ബി.എച്ച്.യു വാരണാസി, ഐഐടി പാലക്കാട് എന്നിവർ പ്രത്യേക ജൂറി പുരസ്കാരങ്ങളും നേടി.

മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍, നവീനമായ ആശയങ്ങള്‍ വിജയകരമായി നടപ്പിലാക്കുന്നതിലൂടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഉപഭോക്തൃ കമ്പനികളിലൊന്നായി മാറാന്‍ വി-ഗാര്‍ഡിനെ എങ്ങനെ സഹായിക്കുന്നുവെന്ന മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബിസിനസ്സ് പ്ലാന്‍ മത്സരങ്ങളിലെ വിജയികളെ തിരഞ്ഞെടുത്തത്. ‘റീ ഇമാജിനിങ് ദ വോള്‍ട്ടേജ് സ്റ്റെബിലൈസര്‍’, ‘റീ ഇന്‍വെന്റിങ് ദ വാട്ടര്‍ ഹീറ്റര്‍’, ‘റീതിങ്ക് ദ മിക്സര്‍ ഗ്രൈന്‍ഡര്‍’ എന്നീ മൂന്ന് വിഭാഗങ്ങളിലും,’ഓപ്പണ്‍ ഇന്നൊവേഷന്‍’ എന്ന വിഭാഗത്തിലുമായി ടെക് ഡിസൈന്‍ മത്സരവും നടന്നു.

നിര്‍മാണ, സാങ്കേതിക മേഖലകളില്‍ ഒരു ആഗോള ഹബ്ബായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. മുന്‍പില്ലാത്തവിധം മൂലധന നിക്ഷേപങ്ങള്‍ക്കും നൂതന മാറ്റങ്ങള്‍ക്കും നാം സാക്ഷികളാകുന്നു. പുതു തലമുറയുടെ അറിവിലും ചിന്താശേഷിയിലുമുള്ള വി-ഗാര്‍ഡിന്റെ വിശ്വസമാണ് തുടര്‍ച്ചയായ 15ാം വര്‍ഷവും ഈ ബിഗ് ഐഡിയ മത്സരം സംഘടിപ്പിക്കുവാന്‍ ഞങ്ങള്‍ക്ക് പ്രചോദനമായത്. നവീനമായ ആശങ്ങളിലേക്ക് പുതു തലമുറയെ നയിക്കുന്നതിനായി ഞങ്ങളൊരുക്കുന്ന വേദിയാണിത്. ഓരോ വര്‍ഷവും ഏറ്റവും മികച്ച യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം പകരുവാനും ഈ പദ്ധതിയിലൂടെ സാധിക്കുന്നുവെന്നതില്‍ ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ട് – വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പള്ളി പറഞ്ഞു

ബിസിനസ്സ് പ്ലാന്‍ മത്സരത്തിലെ വിജയികള്‍ക്ക് 3 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 2 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 1 ലക്ഷം രൂപയുമാണ് സമ്മാനത്തുക. ടെക് ഡിസൈന്‍ വിഭാഗത്തിലെ വിജയികള്‍ക്ക് ഒന്നര ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 75,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും സമ്മാനമായി ലഭിച്ചു. മത്സരങ്ങളിലെ ഫൈനലിസ്റ്റുകള്‍ക്ക് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസില്‍ പ്രീ-പ്ലേസ്മെന്റ് ഇന്റര്‍വ്യൂ, സമ്മര്‍ ഇന്റേണ്‍ഷിപ് അവസരങ്ങളും ലഭിക്കും. വി-ഗാര്‍ഡിന്റെ മുന്‍നിര മാനേജ്മെന്റ് പ്രതിനിധികളുമായി സംവദിക്കാനും ആശയങ്ങള്‍ പങ്കുവെയ്ക്കാനുമുള്ള അവസരവും മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ചു.

Related Posts