Your Image Description Your Image Description

കൊച്ചി: ‘മുത്തൂറ്റ് യെല്ലോ’ എന്ന് പൊതുവെ അറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ദീര്‍ഘകാല പാരമ്പര്യവുമുള്ള ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സികളില്‍ ഒന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് 2025 ജൂണ്‍ 30-ന് അവസാനിച്ച പാദത്തിലെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. വരുമാനം, ലാഭം, കൈകാര്യം ചെയ്യുന്ന ആസ്തികള്‍ എന്നിവയില്‍ സ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തി. ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളിലെ മികച്ച സാന്നിധ്യം, ശക്തമായ സ്വര്‍ണ്ണ വായ്പ പോര്‍ട്ട്ഫോളിയോ, ഉപഭോക്തൃ കേന്ദ്രീകൃതമായ നവീകരണങ്ങളില്‍ നല്‍കിയ മുന്‍ഗണന എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ സ്വര്‍ണ്ണ വായ്പാ മേഖലയിലെ നേതൃത്വസ്ഥാനം കമ്പനി കൂടുതല്‍ ശക്തിപ്പെടുത്തി.

2026 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 225.72 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ഇത് 185.56 കോടി രൂപയായിരുന്നു. ഈ പാദത്തിലെ അറ്റാദായം 30.14 കോടി രൂപയാണ്, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 23.52 കോടി രൂപയായിരുന്നു. 2025 ജൂണ്‍ 30-ലെ കണക്കനുസരിച്ച് കൈകാര്യം ചെയ്ത ആസ്തികള്‍ 4,477.66 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ ഇത് 3,524.94 കോടി രൂപയായിരുന്നു. കൈകാര്യം ചെയ്യുന്ന ആസ്തികളുടെ 92.7 ശതമാനം വരുന്ന 4,153.70 കോടി രൂപ സ്വര്‍ണ്ണ വായ്പ പോര്‍ട്ട്ഫോളിയോയില്‍ നിന്നാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ മുത്തൂറ്റ് മിനി പ്രധാനപ്പെട്ട എല്ലാ മേഖലകളിലും ശക്തമായ രണ്ടക്ക വളര്‍ച്ച രേഖപ്പെടുത്തി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 21.64 ശതമാനം വര്‍ധിച്ചു, അറ്റാദായം 28.15 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. അതോടൊപ്പം കൈകാര്യം ചെയ്യുന്ന ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 27.03 ശതമാനം വര്‍ധിച്ചു. ഈ തുടര്‍ച്ചയായ വളര്‍ച്ച ഗോള്‍ഡ് ലോണ്‍ മേഖലയിലെ കമ്പനിയുടെ നേതൃത്വം ശക്തിപ്പെടുത്തുന്നതിനൊപ്പം മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവെക്കാനുള്ള കമ്പനിയുടെ ശേഷിയെയുമാണ് കാണിക്കുന്നത്.

മൂലധന വിപണി നല്ല വളര്‍ച്ച കൈവരിക്കുന്ന ഈ സമയത്ത് ഈ മുന്നേറ്റത്തിന് മികച്ച സംഭാവന നല്‍കുന്ന ഒരു പ്രധാന ഘടകമാണ് ഗോള്‍ഡ് ലോണ്‍ മേഖല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രത്യേകിച്ച് ഗ്രാമീണ, അര്‍ദ്ധ നഗര മേഖലകളിലുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ വായ്പാ സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്നതിലായിരുന്നു തങ്ങളുടെ ശ്രദ്ധ. ഈ മൊത്തത്തിലുള്ള വളര്‍ച്ച, തങ്ങളുടെ മൂല്യവര്‍ദ്ധിത സേവനങ്ങളുടെയും ഉപഭോക്താക്കള്‍ അര്‍പ്പിക്കുന്ന തുടര്‍ച്ചയായ വിശ്വാസത്തിന്‍റെയും തെളിവാണെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.

2026 സാമ്പത്തിക വര്‍ഷത്തിന്‍റെ ശക്തമായ തുടക്കം തങ്ങളുടെ തന്ത്രപരമായ ദിശാബോധത്തെയാണ് കാണിക്കുന്നത്. ഇടപാടുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ മാത്രമല്ല, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഇടപെടലുകള്‍, വേഗത്തിലുള്ള വായ്പാ വിതരണം, വ്യക്തിഗത സേവനം എന്നിവയിലൂടെ ഉപഭോക്താക്കളുടെ ദീര്‍ഘകാല മൂല്യം ഉയര്‍ത്തുന്നതിലുമാണ്. മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ചു പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും സുതാര്യത, വിശ്വാസ്യത, ഉപഭോക്താവിന് പ്രാധാന്യം നല്‍കുന്ന മൂല്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ മികച്ച സേവങ്ങള്‍ ലഭ്യമാക്കുന്നത് തുടരുമെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി. ഇ. മത്തായി പറഞ്ഞു.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്കൂള്‍ കിറ്റുകള്‍, കര്‍ഷകര്‍ക്ക് ജീവിതോപാധി, വനിതാ സംരംഭകര്‍ക്ക് തൊഴില്‍പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ പിന്തുണ നല്‍കിക്കൊണ്ടിരിക്കുന്നു. സ്ഥിരതയുള്ള വളര്‍ച്ച സാമൂഹിക ഉത്തരവാദിത്തവുമായി കൈകോര്‍ത്ത് മുന്നേറണമെന്ന കമ്പനിയുടെ നീക്കമാണ് ഇതിലൂടെ കാണുന്നത്.

മുത്തൂറ്റ് മിനി മൊബൈല്‍ ആപ്പ് സേവനങ്ങള്‍, ഓണ്‍ലൈന്‍ സ്വര്‍ണ്ണ വായ്പ തിരിച്ചടവ്, തല്‍ക്ഷണ വായ്പ വിതരണം തുടങ്ങിയ ഡിജിറ്റല്‍ പദ്ധതികളിലൂടെ ഉപഭോക്തൃാനുഭവം മെച്ചപ്പെടുത്തി. 2025 ജൂണ്‍ 30-ലെ കണക്കനുസരിച്ച് 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 958 ശാഖകളുണ്ട്. 5,500-ല്‍ അധികം ജീവനക്കാരുമായി കമ്പനി 25 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നു.

Related Posts