Home » Blog » Kerala » ആര്യക്ക് യദു നല്‍കിയത് എട്ടിന്റെ പണി; ഇനി നിയമസഭയില്‍ കാണാം
arya

മുകള്‍ത്തട്ടിലുള്ളവര്‍ക്ക് താഴെ തട്ടിലുള്ളവര്‍ പണി നല്‍കുമ്പോള്‍ അത് എട്ടിന്റെ പണി തന്നെയായി മാറും. അതിന് തലസ്ഥാന ജില്ലയില്‍ ഒരു ഉദാഹരണം കൂടിയായി. മേയര്‍ ആയിരിക്കുമ്പോള്‍ ആര്യാ രാജേന്ദ്രനുമായി ഉടക്കിയ കെഎസ്ആര്‍ടിസി താത്കാലിക ഡ്രൈവര്‍ ആയിരുന്ന യദു ആണ് മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന് എട്ടിന്റെ പണി നല്‍കിയിരിക്കുന്നത്. മേയര്‍ എന്ന നിലയില്‍ പാര്‍ട്ടി ഭരണം തുടരുമ്പോള്‍ ആര്യ ജോലി തെറിപ്പിച്ച കെഎസ്ആര്‍ടിസിയുടെ താത്കാലിക ഡ്രൈവര്‍ യദുവിനു യുഡിഎഫ് സര്‍ക്കാര്‍ ജോലി നല്‍കിയിരിക്കുകയാണ്.

സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നിയമസഭയില്‍ താത്കാലിക ഡ്രൈവറുടെ ജോലി യദുവിന് നല്‍കിയിരിക്കുന്നത്. യദുവിന് ജോലി നൽകണം എന്ന് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎ സ്പീക്കർക്ക് കത്തു നൽകിയിരുന്നു. ഈ കത്തിലാണ് സ്പീക്കര്‍ നടപടി എടുത്തത്. കെഎസ്ആര്‍ടിസിയിലെ ജോലി തെറിച്ചപ്പോള്‍ നിയമസഭയില്‍ ജോലിക്ക് കയറിയാണ് ആര്യക്ക് യദു മറുപടി നല്‍കിയത്. ആര്യ-യദു വിവാദത്തെ തുടര്‍ന്ന് യദുവിനു അന്ന് ജോലി നഷ്ടമായെങ്കിലും ഈ സംഭവം ആര്യയുടെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കിയിരിക്കുകയാണ്. മേയര്‍ ഒരു താത്കാലിക ജീവനക്കാരനെ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് വെല്ലുവിളിച്ചത് സിപിഎമ്മിനു രാഷ്ട്രീയ മായി വന്‍ തിരിച്ചടിയായി.

കേരളത്തിലാകമാനം ഈ വിവാദം സിപിഎമ്മിന്റെ ഭരണനഷ്ടത്തിനു വരെ കാരണമാവുകയും ചെയ്തു. ആര്യ-യദു പ്രശ്നത്തില്‍ വലിയ ബഹുജന വികാരമാണ് സിപിഎമ്മിനെതിരെ തിരിഞ്ഞത്. സിപിഎമ്മിന്റെ അഹന്തയുടെ പ്രതീകമായാണ് ആര്യ മുദ്ര കുത്തപ്പെട്ടത്. ഇത് സംസ്ഥാന തലത്തില്‍ തന്നെ പ്രതിഫലിക്കുകയും ചെയ്തു. ആര്യക്ക് എതിരേ വന്ന വികാരം മനസിലാക്കി കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആര്യയെ സിപിഎം ഒഴിവാക്കി. മുന്‍ മേയര്‍ക്ക് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ സീറ്റ് തന്നെ നല്‍കിയതുമില്ല.

കോര്‍പറേഷന്‍ ഭരണമാണെങ്കില്‍ ചരിത്രത്തില്‍ ആദ്യമായി സിപിഎമ്മിന് നഷ്ടമായി. നാലരപതിറ്റാണ്ടിനുശേഷമാണ് ഭരണം നഷ്ടമാകുന്നതെന്നും ശ്രദ്ധേയമാണ്. ആര്യയില്‍ മാത്രം ഈ പ്രശ്നം ഒതുങ്ങി നിന്നില്ല. സിപിഎമ്മിന്റെ ഉറച്ച നിയമസഭാ സീറ്റില്‍, ബാലുശ്ശേരിയില്‍ ആര്യയുടെ ഭര്‍ത്താവ് സച്ചിന്‍ദേവും പരാജയം നുണഞ്ഞു. ആര്യയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഒപ്പം കൂട്ടിയ ശിവന്‍കുട്ടിക്ക് നേമത്ത് പരാജയം രുചിക്കേണ്ടിവന്നു. ബിജെപിയുടെ അക്കൗണ്ട് ഇക്കുറിയും പൂട്ടിക്കും എന്ന് പറഞ്ഞ ശിവന്‍കുട്ടിയുടെ അക്കൗണ്ട് തന്നെ പൂട്ടി. സിപിഎം ജില്ലാ തല അവലോകന യോഗത്തില്‍ ആര്യയെ ഒപ്പം കൂട്ടിയത് തിരിച്ചടിച്ചെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. ഇതെല്ലാം ആര്യക്ക് യദു നല്‍കിയ പണികളായിരുന്നു. അല്ലെങ്കില്‍ യദുവിനെ മനസിലിട്ട് ജനം സിപിഎമ്മിന് നല്‍കിയ മറുപടിയായിരുന്നു.

അഹന്ത നിറഞ്ഞ പെരുമാറ്റം ഒരു ജനപ്രതിനിധിയെ എങ്ങനെ ഇല്ലാതാക്കും എന്നതിന് മികച്ച ഉദാഹരണമാണ് ആര്യ. ആര്യ മേയര്‍ ആയിരിക്കെയാണ് വിവാദങ്ങളുടെ തുടക്കം. 2024 ഏപ്രിൽ 28ന് പാളയം സാഫല്യം കോംപ്ലക്സിനു മുന്നിലായിരുന്നു സംഭവം. ആര്യയും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവും നടുറോഡിൽ കാർ കുറുകേയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞു തർക്കമുണ്ടാകുകയായിരുന്നു. വാഹനം ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണു തർക്കമുണ്ടായത്. ഈ സംഭവത്തില്‍ യദുവിനെതിരെ പോലീസ് കേസെടുത്തു. ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിനു നേർക്കു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് കേസെടുത്തത്. കോടതിയിൽ മേയർക്ക് അനുകൂലമായാണ് പൊലീസ് കുറ്റപത്രം സമർപിച്ചതും. ഇപ്പോള്‍ യദുവിന് ജോലി നല്‍കി യുഡിഎഫ് ഇടതുമുന്നണിക്ക് രാഷ്ട്രീയ മറുപടിയാണ് നല്‍കിയിരിക്കുന്നത്.