പാലക്കാട്ടെ കുട്ടികളുടെ ദുരൂഹ മരണങ്ങളില്‍ സിബിഐ അന്വേഷണം തന്നെ വന്നേക്കും. ഹൈക്കോടതിയുടെ ഇടപെടലാണ് ഈ സംഭവത്തില്‍ സിബിഐ എത്താന്‍ ഇടയാക്കിയിരിക്കുന്നത്. 23 ദുരൂഹ മരണങ്ങളില്‍ 12 ഉം ആണ്‍കുട്ടികളാണ്. ഇവരൊക്കെ തന്നെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഈ മരണങ്ങളിലൊക്കെ ദുരൂഹതയുണ്ടേന്നാണ് സിബിഐ നിലപാടും. ഈ മരണങ്ങളില്‍ സിബിഐ അന്വേഷണ കാര്യത്തില്‍ മറുപടി അറിയിക്കാനാണ് ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
23 കുട്ടികളെയാണ് പാലക്കാട് ജില്ലയില്‍ മരിച്ച നിലയില്‍ വിവിധ സമയങ്ങളില്‍ കണ്ടെത്തിയത്. വാളയാര്‍ നീതി സമരസമിതിയിലെ 5 അംഗങ്ങള്‍ ചേര്‍ന്ന് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് 23 കുട്ടികളുടെ മരണകാര്യത്തില്‍ സിബിഐ അന്വേഷണത്തിനു ഹൈക്കോടതി നിലപാട് തേടിയത്. മരിച്ച കുട്ടികള്‍ ഒക്കെത്തന്നെ ഒന്‍പതിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ളവരാണ്. ആകെ 28 കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇതില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തിലും മലബാര്‍ സിമന്റ്സ് ശശീന്ദ്രന്റെയും കുട്ടികളുടെയും മരണത്തിലും സിബിഐ അന്വേഷണം നടന്നുവരുന്നുണ്ട്.
കൊല്ലങ്കോടുള്ള 11കാരിയുടെ തൂങ്ങിമരണത്തില്‍ കോടതി കഴിഞ്ഞ ദിവസം സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്. ബാക്കിയുള്ള 23 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടാണ് സിബിഐ അന്വേഷണ കാര്യത്തില്‍ കോടതി വ്യക്തത തേടിയത്. വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലാണ് സമാനമായ സംഭവങ്ങൾ 10 വർഷത്തിനിടയിൽ ഉണ്ടായിട്ടുണ്ട് എന്ന കാര്യം സൂചിപ്പിച്ചിരുന്നത്. ചിലതിലൊക്കെ ദുരൂഹതയുണ്ടെന്ന കാര്യവും സിബിഐ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഈ മരണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹികപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചത്.
ഒന്‍പത് വയസുള്ള ആണ്‍കുട്ടിയുടെ കൈകളിലും കാലുകളിലും ചിത്രങ്ങളും എഴുത്തുമുണ്ടായിരുന്നു. ഇത് മന്ത്രവാദത്തിന്റെ തെളിവാണ് എന്ന് ആരോപണമുണ്ട്. ഈ കാര്യത്തില്‍ അന്വേഷണം നടന്നിട്ടില്ല. ചില കുട്ടികളുടെ ദേഹത്ത് മര്‍ദനത്തിന്റെ പാടുകളും ലൈംഗികാതിക്രമത്തിന്റെ തെളിവുകളുമുണ്ട്. ഇതിലും ആ രീതിയിലുള്ള പോലീസ് അന്വേഷണം നടന്നിട്ടില്ല. പതിനൊന്ന് വയസുള്ള പെണ്‍കുട്ടിയുടെ ശരീരത്തില്‍ 18 മുറിവുകളാണ് ഉണ്ടായിരുന്നത്. ഈ കേസുകളിലൊക്കെ തന്നെ അന്വേഷണം വേണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. സിബിഐ എത്തുമോ എന്ന് കാത്തിരുന്നു കാണാം.
