
കണ്ണൂര്‍: തുടര്‍ച്ചയായി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആപത്താകും എന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്നും ചിലര്‍ അത് വിശ്വസിച്ചുവെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്.
ചില വലതുപക്ഷ മാധ്യങ്ങള്‍ ഇല്ലാ കഥകള്‍ പ്രചരിപ്പിച്ചു. സംഘടിതമായ നീക്കം പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും നടത്തി. ഏത് എതിര് പ്രചാര വേല വന്നാലും എല്‍ഡിഎഫിന് പിടിച്ചുനില്ക്കാന് കഴിയുന്ന മണ്ഡലങ്ങളുണ്ട്. അതിലൊന്നാണ് പയ്യന്നൂര്‍. മണ്ഡലം രൂപം കൊണ്ടതിന് ശേഷം വിജയിച്ച് വന്നത് സിപിഐഎം സ്ഥാനാര്‍ത്ഥികളാണെന്നും മത്സരിച്ചവര്‍ എല്ലാം നല്ല വിജയമാണ് നേടിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരില്‍ നടക്കുന്ന സിപിഐഎം വിശദീകരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
62 ശതമാനം വോട്ട് നേടിയാണ് 2021-ൽ മധുസൂദനൻ ജയിച്ചത്. ഏത് കുത്തൊഴുക്കിനെയും നേരിടാൻ പയ്യന്നൂർ മണ്ഡലത്തിന് കഴിയുമായിരുന്നു. എന്താണ് പയ്യന്നൂരിൽ പരാജയപ്പെടാൻ കാരണം എന്ന് ചോദ്യം വരും. കേരളത്തിലെ കാരണങ്ങൾ മാത്രം എടുത്താൽ പോര. പയ്യന്നൂരിലെ ബഹുജനങ്ങളും വോട്ടർമാരും വലിയ തോതിൽ സിപിഐഎമ്മിനെ സ്നേഹിക്കുന്നവരാണ്. പാർട്ടിയുടെ ഭാഗമായി നിന്ന് പാർട്ടിയുടെ വിശ്വാസ്യതയെ തകർക്കാൻ ശ്രമമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു കമ്മ്യൂണിസ്റ്റുകാരൻ ചെയ്യാൻ പാടില്ലാത്തത് എല്ലാം ചെയ്യുന്ന നിലയുണ്ടായി. അതിൻ്റെ ഭാഗമായി ആളുകൾ സംശയാലുക്കളായി. അവിടെ സത്യത്തിന് മങ്ങലേറ്റു. ആര് തെറ്റ് ചെയ്താലും അതിനെതിരെ സിപിഐഎം നടപടിയെടുക്കും. അതാണ് സിപിഐഎം. പാർട്ടിക്കെതിരെ നീങ്ങിയാൽ ആരെന്ന് നോക്കില്ല. അവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
എൽഡിഎഫ് വോട്ടിൽ ചോർച്ച ഉണ്ടായത് ഗൗരവമായി കാണുന്നു. പാർട്ടി അത് പരിശോധിച്ചിട്ടുണ്ട്. സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് ബോധവാന്മാരാണ്. പാർട്ടിക്ക് എതിരെ നീങ്ങിയവർ പുനർ വിചിന്തനം ചെയ്യേണ്ട സമയം വന്നിരിക്കുന്നു. തങ്ങൾ ചെയ്തത് ശരിയായോ എന്നവർ ചിന്തിക്കണം. എന്താണോ പാര്‍ട്ടി പരസ്യമായി പറഞ്ഞത് അതില്‍ ഒരു കാപട്യവുമില്ല. ഒരിക്കലും ബഹുജനങ്ങളെ വഞ്ചിക്കില്ല. സത്യസന്ധമാണ് പാര്‍ട്ടിയുടെ നിലപാട്. അതിനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കിയിട്ടുള്ളത്. പാര്‍ട്ടിയെ തകര്‍ക്കുക എന്നതാണ് വി കുഞ്ഞികൃഷ്ണൻ ചെയ്തത്. അതിനാണ് ശത്രുവിന്റെ കയ്യിലെ കോടാലിയായി മാറിയതെന്നും പിണറായി വിജയൻ പറഞ്ഞു.
