Your Image Description Your Image Description

തട്ടയിൽ :ഇന്ത്യൻ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ‘ദാദാ സാഹബ് ഫാൽകെ’ പുരസ്‌കാരനിറവിൽ മലയാളത്തിന്റെ താരരാജാവ് മോഹൻ ലാൽ വിരാജിക്കുമ്പോൾ അടൂർ താലൂക്കിൽ തട്ടയിൽ ഭഗവതിക്കും പടിഞ്ഞാറ് കല്ലുഴത്തിൽ തറവാടിനും പറയാനുണ്ട് അല്പം മോഹൻലാൽ കുടുംബപുരാണം. മോഹൻ ലാലിന്റെ മുത്തച്ഛൻ ( അച്ഛന്റെ അച്ഛൻ) മണപ്പാടത്ത് മേമ്മുറിയിൽ രാമൻ നായർ ഒരു ദശാബ്ദക്കാലത്തോളം താമസിച്ച വീടാണ് തട്ടയിൽ കല്ലുഴത്തിൽ തറവാട്. പന്തളം തെക്കേക്കരയിൽ സ്ഥലം സർക്കാർ ‘പ്രവർത്തിയാർ ‘ ( പ്രവർത്തിയാർ = ഇപ്പോഴത്തെ വില്ലേജ് ഓഫീസർ)
ആയി ദീർഘകാലം ജോലി ചെയ്യേണ്ടി വന്നപ്പോഴാണ് മോഹൻലാലിന്റെ മുത്തച്ഛൻ മണപ്പാടത്ത് രാമൻ നായർ മകനും മോഹൻലാലിന്റെ അച്ഛനു മായ വിശ്വനാഥൻ നായരുമോന്നിച്ച് കല്ലുഴത്തിൽ തറവാട്ടിൽ താമസമാക്കിയത്. മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായരുടെ ബാല്യവും കൗമാരവും ഇവിടെയായിരുന്നു. കല്ലുഴ ത്തിൽ കൃഷ്ണപിള്ള, വള്ളോന്നിൽ നാരായണപിള്ള തുടങ്ങിയവരോടോക്കെയൊപ്പം ‘ചതുരംഗം’ കളിയായിരുന്നു മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായരുടെ അക്കാലത്തെ പ്രധാനഹോബി. വിശ്വനാഥൻ നായരുടെ ആദ്യ പെണ്ണുകാണൽ ചടങ്ങും കല്ലുഴത്തിൽ വീട്ടിൽ വെച്ചുതന്നെയാണ് നടന്നത്. അന്തരിക്കുന്നതിന് ഏതാനം വർഷം മുൻപ് വരെയും അദ്ദേഹം ബാല്യകാല സ്മരണകൾ അയവിറക്കാൻ ബന്ധു വീട് കൂടിയായ തട്ടയിൽ കല്ലുഴത്തിൽ തറവാട്ടിൽ എത്തുകയും ചെയ്യുമായിരുന്നു. കല്ലുഴത്തിൽ കെ. എൻ. രാഘവൻ പിള്ളയുടെ ഭാര്യാ സഹോദരി പുത്രിയെയാണ് വിശ്വനാഥൻ നായരുടെ ജ്യേഷ്ഠസഹോദരി ഭാർഗവിയുടെ പുത്രൻ ഉണ്ണി ( മോഹൻലാലിന്റെ വല്യേട്ടൻ) വിവാഹം കഴിച്ചിരിക്കുന്നതും.
ഒന്നര നൂറ്റാണ്ടിന്റെ പ്രൌഡപാരമ്പര്യത്തിന്റെ കഥ പറയാനുള്ള കല്ലുഴത്തിൽ തറവാട് എൻ. എസ്. എസ് സ്ഥാപകൻ മന്നത്ത് പത്മനാഭനും ഗുരു നിത്യ ചൈതന്യ യതിയും മുതൽ കേരളത്തിന്റെ ‘നെൽവിത്ത് ബാങ്കർ’ എന്ന് അറിയപ്പെടുന്ന പത്മശ്രീ ചെറുവയൽ രാമൻ വരെയുള്ള നൂറുകണക്കിന് ശ്രേഷ്ഠവ്യക്തിത്വങ്ങൾക്ക് ആതിഥ്യമരുളിയ പുരാതന നാലുകെട്ട് നായർ
തറവാടാണ്. വേഗവരയിലെ ലോക റെക്കോർഡ് ജേതാവും ചരിത്രഗവേഷകനുമായ ഡോ. ജിതേഷ്ജിയുടെ ഉത്തമസ്ഥതയിലാണ് ചരിത്രസ്മരണകൾ ഉണരുന്ന ഈ പുരാതനഭവനം.
ഹരിതാശ്രമം ‘മണ്ണുമര്യാദ ‘ പാരിസ്ഥിതിക ഗുരുകുലത്തിന്റെ ആസ്ഥാനമായും ഇന്നിവിടം പ്രവർത്തിക്കുന്നു.

Related Posts