Your Image Description Your Image Description
മലപ്പുറം: ജില്ലയിലെ ബാങ്കുകളില് ഈ സാമ്പത്തിക വര്ഷത്തിലെ രണ്ടാം പാദത്തില് (സെപ്തംബര് പാദം) 52144.70 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി.
കഴിഞ്ഞ പാദത്തിലേതിനെക്കാള് നേരിയ വര്ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ പാദത്തില് (ജൂണ്) ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 51391.43 കോടി രൂപയായിരുന്നു. പ്രവാസി നിക്ഷേപത്തിലും ഈ പാദത്തില് നേരിയ വര്ധനവ് ഉണ്ടായിട്ടുണ്ട്. 13221.23 കോടി രൂപയാണ് ഇത്തവണത്തെ പ്രവാസി നിക്ഷേപം. കഴിഞ്ഞ പാദത്തില് ജില്ലയിലെ പ്രവാസി നിക്ഷേപം 13208.89 കോടി രൂപയായിരുന്നു.
ജില്ലയിലെ മൊത്തം വായ്പകള് 35317 കോടി രൂപയാണ്. കേരള ഗ്രാമീണ് ബാങ്ക് (82.15%), കാനറാ ബാങ്ക് (75.86%), എസ്.ബി.ഐ (42.1%), ഫെഡറല് ബാങ്ക് (31.96%), സൗത്ത് ഇന്ത്യന് ബാങ്ക് (42.77%) എന്നിങ്ങനെയാണ് വിവിധ ബാങ്കുകളുടെ വായ്പാ നിക്ഷേപ അനുപാതം. വായ്പാ നിക്ഷേപ അനുപാതം 60 ശതമാനത്തിന് മുകളില് എത്തിക്കാന് എല്ലാ ബാങ്കുകളും ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വാര്ഷിക ക്രെഡിറ്റ് പ്ലാന് പ്രകാരം ഈ സാമ്പത്തിക വര്ഷത്തിലെ മലപ്പുറം ജില്ലയുടെ നേട്ടം 58 ശതമാനമാണ്. 18800 കോടി രൂപ എന്ന ലക്ഷ്യത്തെ മുന് നിര്ത്തി 10836 കോടി രൂപയുടെ വായ്പകളാണ് ഈ കാലയളവില് നല്കിയത്. സര്ക്കാറുകളുടെ ജനസുരക്ഷാ പദ്ധതികളില് അര്ഹരായ എല്ലാ ഉപഭോക്താക്കളെയും അംഗമാക്കണം.
അതിദരിദ്രരുടെ ഉന്നമനത്തിനായി സംസ്ഥാന സര്ക്കാര് നടപ്പിലാക്കുന്ന എ.ബി.സി.ഡി ക്യാമ്പുകളില് അതത് പ്രദേശത്തുള്ള ബാങ്കുകള് പങ്കെടുക്കുകയും ആവശ്യമായ സേവനങ്ങള് ലഭ്യമാക്കുകയും വേണം. വിവിധ സര്ക്കാര് വകുപ്പുകള് നടപ്പാക്കുന്ന ധനസഹായ പദ്ധതികളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രദ്ധിക്കണം. പി.എം കിസാന് പദ്ധതിയില് അംഗമായ എല്ലാ കര്ഷകര്ക്കും ഡിസംബര് 31 നകം കെ.സി.സി ഉറപ്പാക്കണമെന്നും ഇതിനായി ബോധവത്കരണ ക്ലാസുകളും എന്റോള്മെന്റ് ക്യാമ്പുകളും സംഘടിപ്പിക്കണമെന്നും വിവിധ ബാങ്കുകളോട് യോഗം ആവശ്യപ്പെട്ടു.
മലപ്പുറം മഹേന്ദ്രപുരി ഹോട്ടലില് നടന്ന യോഗത്തില് ജില്ലാ കളക്ടര് വി.ആര് വിനോദ് അദ്ധ്യക്ഷത വഹിച്ചു. പൊട്ടന്ഷ്യല് ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാന് പ്രകാശനവും ജില്ലാ കളക്ടര് നിര്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *