Your Image Description Your Image Description

ശാസ്താംകോട്ട : സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടയിൽ കൊല്ലം-തേനി ദേശീയപാതയിൽ അപകടം. ഗർഭിണി ഉൾപ്പെടെ മൂന്നു യാത്രക്കാർക്ക് വീണു പരുക്കേറ്റു. ചക്കുവള്ളി ജംക്‌ഷനു സമീപം രാവിലെ എട്ടു മണിയോടെയാണ് സംഭവം. ഗർഭിണിയായ കിഴക്കേ കല്ലട സ്വദേശി ലിജി, ബന്ധുവായ ചക്കുവള്ളി സ്കൂളിനു സമീപം കലതിവിള വീട്ടിൽ ജോസി ജോസ്, പോരുവഴി മണ്ണൂർ വീട്ടിൽ ഗീത എന്നിവരാണ് പരുക്കേറ്റു വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഗീതയുടെ കാലിനു പൊട്ടലുണ്ട്.

ചെങ്ങന്നൂരിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നുമുള്ള ബസുകൾ ഭരണിക്കാവിലാണ് സർവീസ് അവസാനിപ്പിക്കുന്നത്.
ചക്കുവള്ളിയിൽ എത്തിയപ്പോൾ ഒരേ റൂട്ടിലായ ബസുകൾ തമ്മിൽ സമയക്രമത്തെ ചൊല്ലി തർക്കമായതോടെ ബാക്കിയുള്ള നാലു കിലോമീറ്റർ ദൂരം ഇവ മത്സരിച്ചോടുകയായിരുന്നു. മറികടന്ന് പോയ ബസിനെ പിന്നിലാക്കാൻ ലക്ഷ്യമിട്ട് പിറകിലുള്ള ബസ് വേഗത്തിൽ മുന്നോട്ടെടുത്തു. യാത്രക്കാർ കയറുന്നതിനിടെയാണ് സംഭവം.
മുന്നിലുള്ള ലോറിയെ തട്ടാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ യാത്രക്കാർ ബസിനുള്ളിൽ തെറിച്ചു വീഴുകയായിരുന്നു. പ്രദേശവാസികൾ ചേർന്നു തടഞ്ഞിട്ട ബസുകൾ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ രണ്ട് ഡ്രൈവർമാർക്കെതിരെ കേസെടുത്തെന്നും ബസുകൾ കോടതിക്ക് കൈമാറുമെന്നും എസ്എച്ച്ഒ ജോസഫ് ലിയോൺ പറഞ്ഞു. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *