Your Image Description Your Image Description
Your Image Alt Text

കേരള നോളെജ് ഇക്കോണമി മിഷന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം 2.0 , തൊഴിലരങ്ങത്തേക്ക് പദ്ധതികളുടെ ഭാഗമായി  മുനിസിപ്പാലിറ്റി അധ്യക്ഷരുടെ ഏകദിന യോഗം ചേർന്നു. നോളെജ് ഇക്കോണമി മിഷൻ പദ്ധതിക്കു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുനിസിപ്പാലിറ്റികളിലെ അധ്യക്ഷന്മാരാണ് യോഗത്തിൽ പങ്കെടുത്തത്. തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ കൗൺസിൽ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായി.  നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല ആമുഖ പ്രഭാഷണം നടത്തി.

യോഗത്തിൽ 30 മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺമാരും മറ്റ്  ഉദ്യോഗസ്ഥരും പങ്കെടുത്തു. എന്റെ തൊഴിൽ എന്റെ അഭിമാനം, തൊഴിലരങ്ങത്തേക്ക് പദ്ധതികളുടെ 2024 വരെയുള്ള പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. പ്രോജക്ട് അവതരണം, പ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പ് എന്നിവ യോഗത്തിന്റെ ഭാഗമായി നടന്നു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി തദ്ദേശസ്ഥാപനങ്ങളിൽ ഫെസിലിറ്റേഷൻ സെന്ററും മറ്റു സംവിധാനങ്ങളും ഒരുക്കാനുള്ള സന്നദ്ധത ചെയർപേഴ്‌സൺമാർ അറിയിച്ചു.

കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് യോഗ്യതയ്ക്കും അഭിരുചിക്കുമനുസരിച്ചുള്ള തൊഴിൽ ലഭ്യമാക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണ് എന്റെ തൊഴിൽ എന്റെ അഭിമാനം, തൊഴിലരങ്ങത്തേക്ക് പദ്ധതികളിലൂടെ നോളെജ് ഇക്കോണമി മിഷൻ ചെയ്യുന്നത്. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള 18 നും 59 നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർ എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിക്കു കീഴിൽ വരുമ്പോൾ  സ്ത്രീ തൊഴിലന്വേഷകരാണ് തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ ഗുണഭോക്താക്കൾ.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  പദ്ധതിക്കുകീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 398 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. ഇതിൽ 356 ഗ്രാമപഞ്ചായത്തുകളും 41 മുനിസിപ്പാലിറ്റികളും ഒരു കോർപ്പറേഷനുമാണുള്ളത്. ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർക്കുള്ള ഓറിയന്റേഷൻ നേരത്തെ പൂർത്തിയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *