Your Image Description Your Image Description

കുപ്പിവെള്ള വ്യാപാരം ആരംഭിച്ചതോടെ സോഡയും ശീതളപാനീയങ്ങളും വിപണിയിൽ എത്തിക്കാനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. സർക്കാരിൻ്റെ 10 രൂപയുടെ വാട്ടർ ബോട്ടിലുകളുടെ ആവശ്യം വർധിച്ചതോടെ ഉൽപ്പാദനം വർധിപ്പിക്കാൻ മൂന്നു പുതിയ പ്ലാൻ്റുകൾ നിർമിക്കാൻ തീരുമാനിച്ചു.

ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെ (കെഐഐഡിസി) ‘സുജലം’ പദ്ധതിയുടെ ഭാഗമായാണ് ഹില്ലി അക്വാ കുപ്പിവെള്ളം വിപണിയിലെത്തിച്ചത്. മലബാർ, കൊച്ചി മേഖലകളിൽ കുപ്പിവെള്ള വിതരണം ശക്തമാക്കുന്നതിനാണ് പുതിയ പ്ലാൻ്റുകൾ സ്ഥാപിക്കുന്നത്. കോഴിക്കോടും എറണാകുളത്തും പ്ലാൻ്റുകൾ നിർമിക്കും. ഇടുക്കിയിലും ഒരു പ്ലാൻ്റ് ആസൂത്രണം ചെയ്യുന്നുണ്ട്. സോഡയും ശീതളപാനീയങ്ങളും നിർമ്മിക്കാനും വിതരണം ചെയ്യാനും കെഐഐഡിസിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. നിലവിലുള്ള പ്ലാൻ്റുകളിൽ മാറ്റം വരുത്തിയ ശേഷമായിരിക്കും ഇവ നിർമിക്കുക. ആറുമാസത്തിനകം ഉൽപ്പാദനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെഐഐഡിസിക്ക് നിലവിൽ ഇടുക്കിയിലും തിരുവനന്തപുരത്തും കുപ്പിവെള്ള പ്ലാൻ്റുകളുണ്ട്. മണിക്കൂറിൽ 5000 ലിറ്ററാണ് രണ്ട് പ്ലാൻ്റുകളുടെയും ഉൽപ്പാദനശേഷി. പെരുവണ്ണാമുഴിയിൽ നാലേക്കറിൽ 7500 ലിറ്റർ ശേഷിയുള്ള പ്ലാൻ്റ് നിർമിക്കും.

നിലവിലെ രണ്ട് പ്ലാൻ്റുകളിൽ നിന്ന് പ്രതിദിനം ശരാശരി 65000 ലിറ്റർ കുപ്പിവെള്ളമാണ് വിപണിയിലെത്തുന്നത്. സുജലം പദ്ധതി പ്രകാരം റേഷൻ കടകൾ വഴി വിതരണം തുടങ്ങിയതോടെ കുപ്പിവെള്ള വിൽപന കുത്തനെ ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *