Your Image Description Your Image Description

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംഎല്‍എമാരുടെ ക്രോസ് വോട്ടിംഗിന് പിന്നാലെ ഹിമാചല്‍ പ്രദേശില്‍ അടിയന്തര നീക്കവുമായി കോണ്‍ഗ്രസ്. സംസ്ഥാനത്ത് കേന്ദ്ര നിരീക്ഷകരായി ഭൂപീന്ദര്‍ സിംഗ് ഹൂഡയെയും ഡി കെ ശിവകുമാറിനെയും നിയോഗിച്ചു. ഒരു സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുണ്ടായിട്ടും കോണ്‍ഗ്രസിന്റെ മനു അഭിഷേക് സിങ്ങ്‌വി പരാജയപ്പെടുകയായിരുന്നു. ആറ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിക്ക് വോട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വീഴുമോയെന്ന ആശങ്ക കോണ്‍ഗ്രസില്‍ ശക്തമാണ്.

സംസ്ഥാനത്തെ രാഷ്ട്രീയനീക്കങ്ങള്‍ നിരീക്ഷിക്കാനാണ് ഇരുനേതാക്കളെയും ഹൈക്കമാന്‍ഡ് നിയോഗിച്ചത്. ക്രോസ് വോട്ട് ചെയ്ത ആറ് എംഎല്‍എമാരും മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖുവിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരാണെന്നാണ് വിവരം. ഇവരുമായി സംസാരിച്ച് അനുനയത്തിലെത്തുകയെന്നതാണ് ഇരുനേതാക്കളുടെയും പ്രധാന ദൗത്യം. ഇരുവരും ഇന്ന് രാവിലെ സംസ്ഥാനത്തെത്തി കാര്യങ്ങള്‍ വിലയിരുത്തും.

കഴിഞ്ഞ ദിവസം രാജ്യസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഹര്‍ഷ് മഹാജനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വിക്കും 34 വോട്ടുകളാണ് ലഭിച്ചത്. തുടര്‍ന്ന് ലോട്ടിലൂടെ രാജ്യസഭാ എംപിയെ തിരഞ്ഞെടുക്കുകയായിരുന്നു. 68 സീറ്റുള്ള ഹിമാചല്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 സീറ്റ്, ബിജെപിക്ക് 25 സീറ്റ്, മൂന്ന് സ്വതന്ത്രര്‍ എന്നിങ്ങനെയാണ് കക്ഷി നില.

Leave a Reply

Your email address will not be published. Required fields are marked *