Your Image Description Your Image Description

 

ഈ വര്‍ഷത്തെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി മാര്‍ച്ച് 3 ഞായറാഴ്ച നടക്കും. ജില്ലയില്‍ അഞ്ചു വയസിനു താഴെയുള്ള 203803 കുട്ടികള്‍ക്കാണ് പള്‍സ് പോളിയോ ദിനത്തില്‍ പോളിയോ തുള്ളി മരുന്ന് നല്‍കുന്നത്. ജില്ലയില്‍ ആകെ 1915 പള്‍സ് പോളിയോ ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യ ആശുപത്രികള്‍, അംഗന്‍വാടികള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ (സബ് സെന്ററുകള്‍) എന്നിവിടങ്ങളിലായി 1787 ബൂത്തുകള്‍ പ്രവര്‍ത്തിക്കും. കൂടാതെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബോട്ട് ജെട്ടികള്‍, എയര്‍പോര്‍ട്ട് തുടങ്ങി ആളുകള്‍ വന്നു പോയി കൊണ്ടിരിക്കുന്ന 43 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും പ്രവര്‍ത്തിക്കും. ആളുകള്‍ക്ക് വന്നെത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിനായി 83 മൊബൈല്‍ ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ മേളകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ രണ്ട് അധിക ബൂത്തുകള്‍ കൂടി ഒരുക്കിയിട്ടുണ്ട്.

പള്‍സ് പോളിയോ ദിനമായ മാര്‍ച്ച് 3 നു അഞ്ചു വയസിനു താഴെയുള്ള എല്ലാ കുട്ടികളെയും തൊട്ടടുത്തുള്ള പള്‍സ് പോളിയോ ബൂത്തിലെത്തിച്ചു ഒരു ഡോസ് തുള്ളി മരുന്ന് നല്‍കണം. ഏതെങ്കിലും കാരണവശാല്‍ മാര്‍ച്ച് 3 നു തുള്ളി മരുന്ന് നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ വീടുകളിലെത്തി വാക്സിന്‍ നല്‍കും.

പള്‍സ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാര്‍ച്ച് 3 ഞായറാഴ്ച രാവിലെ 10.30 നു മുളവുകാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനല്‍ നിര്‍വഹിക്കും. മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബര്‍ അധ്യക്ഷത വഹിക്കും.

ബൂത്തുകളില്‍ സേവനമനുഷ്ഠിക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. പള്‍സ് പോളിയോ ദിനത്തിന്റെ നടത്തിപ്പ് ഏകോപിപ്പിക്കുവാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വകുപ്പുതല യോഗങ്ങള്‍ ചേര്‍ന്നു.
1995 മുതല്‍ നടത്തപ്പെടുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഫലമായി 2014 മാര്‍ച്ച് 27 നു ഭാരതം പോളിയോ വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ലോകത്ത് ഇന്നും പോളിയോ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതില്‍ നമ്മുടെ അയല്‍രാജ്യമായ പാകിസ്ഥാനും അഫ്താനിസ്ഥാനുമുണ്ട്. അതിനാല്‍ നമ്മുടെ നേട്ടം നിലനിര്‍ത്തുന്നതിനും പോളിയോ രോഗത്തെ ലോകത്തു നിന്നും പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യുന്നതിനും ഏതാനും വര്‍ഷങ്ങള്‍ കൂടി ഈ പ്രതിരോധ യജ്ഞം തുടരേണ്ടതുണ്ട്. രോഗാണു നിരീക്ഷണ പരിപാടി (എ എഫ് പി സര്‍വെയ്ലന്‍സ്) യുടെ ഭാഗമായി പോളിയോ രോഗാണു രാജ്യത്തു തിരികെയെത്തുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കുന്നുണ്ടെങ്കിലും നാം മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. പ്രത്യേകിച്ച് വിവിധ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍. ഭാരതത്തില്‍ 2011 ലും കേരളത്തില്‍ 2000 ലും ആണ് അവസാനമായി പോളിയോ കണ്ടെത്തിയിട്ടുള്ളത്.

പോളിയോ വാക്‌സിനേഷനുമായി ബന്ധപ്പെട്ട ആലോചനാ യോഗം ജില്ലാ വികസന കമ്മീഷണര്‍ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ.എന്‍. സതീഷ്, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ.സി. രോഹിണി, ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ സി.എം. ശ്രീജ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *