Your Image Description Your Image Description

ഒന്നും രണ്ടുമല്ല, അഞ്ച് നരഭോജിപ്പുലികളെ പാർപ്പിച്ചിരിക്കുന്ന ഒരു മൃ​ഗശാല. അവിടെ ഒരു സന്ദർശനം നടത്താൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? അങ്ങനെ ഒരു മൃ​ഗശാലയുള്ളത് ഉത്തർ പ്രദേശിലാണ്. ഗോരഖ്പൂരിലെ ഷഹീദ് അഷ്ഫാഖ് ഉള്ളാ ഖാൻ സുവോളജിക്കൽ പാർക്കാണത്. ഇവിടെ അഞ്ച് കൂടുകളിലായി അഞ്ച് അപകടകാരികളായ നരഭോജിപ്പുലികളെ പിടിച്ചുകൊണ്ടുവന്ന് പാർപ്പിച്ചിരിക്കയാണ്.

വിവിധ ജീവനക്കാരുടേയും, വിദ​ഗ്ദ്ധരായ ഡോക്ടർമാരുടേയും ഒക്കെ നേതൃത്വത്തിലാണ് ഈ അപകടകാരികളായ പുലികളുടെ പരിചരണം. ഇവ 15-20 ആളുകളെയെങ്കിലും കൊന്നിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് 2021 -ലാണ് ഈ മൃ​ഗശാല ഉദ്ഘാടനം ചെയ്തത്. സിംഹം, കടുവ, പുള്ളിപ്പുലി, ഹിപ്പൊപ്പൊട്ടാമസ് തുടങ്ങി വേറെയും അനവധി മൃ​ഗങ്ങൾ ഇവിടെയുണ്ട്. നിരവധി സന്ദർശകരും ഇവിടെ എത്താറുണ്ട്. എന്നാൽ, പുറത്ത് നിന്ന് കാണുമ്പോൾ പോലും ആരും പേടിക്കുന്ന ഈ അഞ്ച് നരഭോജിപ്പുലികളെയും ഇവിടെ തന്നെയാണ് പാർപ്പിച്ചിരിക്കുന്നത്. മനുഷ്യരെ കാണുമ്പോൾ തന്നെ അവ മുരൾച്ച തുടങ്ങുമെന്നാണ് പറയുന്നത്.

ഈ പുലികൾക്ക് പ്രത്യേകം തയ്യാറാക്കിയ ഡയറ്റാണ് പിന്തുടരുന്നത്. ഡോക്ടർമാരുടെ പ്രത്യേകസംഘവും ഇവയെ നോക്കാനുണ്ട്. ഇവ അപകടകാരികളാണ് എന്ന് ഡോക്ടർമാർ പറയുന്നു. മാത്രമല്ല, ഇവയെ ഇനി ഒരു കാട്ടിലേക്കും ഇറക്കിവിടാൻ നിലവിൽ സാധിക്കില്ല എന്നും ഇവർ പറയുന്നു. ഇതിൽ മൂന്ന് പുലികളെ കഴിഞ്ഞ വർഷമാണ് പിടികൂടി ഇവിടെ എത്തിച്ചത്. ബിജ്‌നോറിൽ നിന്നുമാണ് ഇവയെ ഇവിടെ എത്തിച്ചിരിക്കുന്നത്. പ്രദേശത്ത് വന്യമൃ​ഗങ്ങളും മനുഷ്യരും തമ്മിൽ നിരന്തരം സംഘർഷമുണ്ടാകാറുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അധികൃതർ‌ ഇവയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *