Your Image Description Your Image Description

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ സഹായം ആവശ്യമില്ലെന്ന് കോൺഗ്രസ്. ഒറ്റക്ക് മത്സരിക്കാൻ ആലോചിച്ച് കോൺഗ്രസ് പശ്ചിമ ബംഗാൾ ഘടകം മുന്നോട്ട് പോവുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഭയന്നാണ് മമത സഖ്യം വേണ്ടെന്ന് വച്ചതെന്ന് അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. അതിനിടെ കോൺഗ്രസുമായി സഖ്യ ചര്‍ച്ചകൾ തുടരണമെന്ന് ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, മമത ബാനര്‍ജിയെ ഫോണിൽ വിളിച്ച് സംസാരിച്ചെന്നും വിവരമുണ്ട്.

ബംഗാളില്‍ കോണ്‍ഗ്രസിനോട് നോ പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസാണ് ആദ്യം സഖ്യമില്ലെന്ന് പ്രഖ്യാപിച്ചത്. സഖ്യമുണ്ടാകുമെന്ന സൂചനകളാണ് ആദ്യം മമത ബാനര്‍ജിയും, ഡെറിക് ഒബ്രിയാനും നൽകിയത്. എന്നാൽ പാര്‍ട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനര്‍ജി എംപി തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി രംഗത്ത് വരികയായിരുന്നു. ആകെയുള്ള 42ല്‍ സീറ്റില്‍ അഞ്ചെണ്ണം കോണ്‍ഗ്രസിന് നല്‍കാമെന്നായിരുന്നു ആദ്യം തൃണമൂൽ കോൺഗ്രസ് അറിയിച്ചത്. പിന്നീട് അത് രണ്ട് സീറ്റുകളാക്കി കുറച്ചു. ഒടുവിൽ ഒരു സീറ്റ് പോലും കൊടുക്കില്ലെന്ന് തീരുമാനിച്ചായിരുന്നു തൃണമൂലിന്റെ പിന്മാറ്റം. പശ്ചിമ ബംഗാളില്‍ ഒരു സീറ്റ് പോലുമില്ലാത്ത കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന് വിലയിരുത്തിയാണ് ഈ തീരുമാനത്തിലേക്ക് മമത ബാനര്‍ജിയുടെ പാര്‍ട്ടി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *