Your Image Description Your Image Description

ഫെബ്രുവരി 25 കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ പതിനാറാം മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയെ നേരിട്ടു. മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോവയെ തകർത്തു. മത്സരത്തിൽ ഡെയ്‌സുകെ സകായിയും ദിമിട്രിയോസ് ഡയമന്റകോസും കേരളാ ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയപ്പോൾ റൗളിൻ ബോർഗെസും മുഹമ്മദ് യാസിറും എഫ്‌സി ഗോവക്കായി ഗോളുകൾ നേടി.

ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോവയെ തകർത്തത്. തുടർച്ചയായ മൂന്നു തോൽവികൾക്കപ്പുറമാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം.മത്സരത്തിന്റെ ഏഴാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ഒരു കോർണറിനെ പിന്തുടർന്ന ബോർജ ഹെരേരയുടെ അസിസ്റ്റിൽ റൗളിൻ ബോർഗെസ് (ഗോവ) ബോക്സിന്റെ മധ്യഭാഗത്ത് നിന്ന് വലത് കോണിലേക്ക് നൽകിയ വലം കാൽ ഷോട്ട് വലതുളച്ചു. പതിനേഴാം മിനിറ്റിൽ രണ്ടാം ഗോൾ പിറന്നു. സാദോയുടെ അസിസ്റ്റിൽ മുഹമ്മദ് യാസിറിന്റെ (ഗോവ) വലത് കാൽ ഷോട്ട് പോസ്റ്റിന്റെ വലതുമൂലയിൽ പതിച്ചു. ആദ്യ പകുതി ഗോവയുടെ രണ്ടു ഗോളുകളുടെ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിയിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് നാലു ഗോളുകൾ നേടി മത്സരം തിരിച്ചുപിടിച്ചത്. മത്സരത്തിന്റെ അൻപത്തിയൊന്നാം മിനിറ്റിൽ ഡെയ്‌സുകെ സകായ് (കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി) ഫ്രീകിക്കിൽ തൊടുത്ത വലത് കാൽ ഷോട്ട് പോസ്റ്റിനു താഴെ ഇടത് മൂലയിലേക്ക് പറന്നിറങ്ങി. മത്സരത്തിന്റെ എൺപത്തിയൊന്നാം മിനിറ്റിൽ ലഭിച്ച പെനാലിറ്റി ചാൻസിൽനിന്ന് ദിമിത്രിയോസാണ് സമനില ഗോൾ നേടിയത്. ശേഷം വെറും മൂന്നു മിനിറ്റിനുള്ളിൽ എണ്പത്തിനാലാം മിനിറ്റിൽ ദിമിത്രിയോസ് കേരളാ ബ്ലാസ്റ്റേഴ്സിനായി മൂന്നാം ഗോൾ നേടി.

മത്സരത്തിൽ ലീഡ് നേടി ജയിച്ചെന്നുറപ്പിച്ച ബ്ലാസ്റ്റേഴ്സിന് മത്സരമവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഫെഡോർ സെർണിച്ച് കേരളാ ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമെന്റാക്കോസിന്റെ അസിസ്റ്റിൽ നാലാം ഗോൾ നേടി. അധികസമയത്തിനു ശേഷം ഫൈനൽ വിസിൽ മുഴങ്ങി മത്സരമവസാനിക്കുമ്പോൾ രണ്ടിനെതിരെ നാലു ഗോളുകൾക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി. മൂന്നു പോയിന്റുകൾ നേടിയ ബ്ലാസ്റ്റേഴ്‌സ് ഇരുപത്തിയൊന്പത് പോയിന്റുമായി റാങ്കിങ്ങിൽ നാലാം സ്ഥാനത്തേക്കുയർന്നു. മാർച്ച് രണ്ട് ശനിയാഴ്ച ബെംഗളുരുവിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *