Your Image Description Your Image Description

റാഞ്ചി: ഇന്ത്യക്കെതിരെ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് ജോ റൂട്ടിന്റെ സെഞ്ചുറിയായിരുന്നു. പുറത്താവാതെ 122 റണ്‍സാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നേടിയത്. പരമ്പരയിലൂടനീളം മോശം പ്രകടനമായിരുന്നു റൂട്ടിന്റേത്. കടുത്ത വിമര്‍ശനവും താരത്തിനെതിരെ ഉണ്ടായി. ബാസ്‌ബോള്‍ ശൈലിക്ക് പറ്റിയ താരമല്ല റൂട്ടെന്നായിരുന്നു പ്രധാന വിമര്‍ശനം. കുറഞ്ഞ പന്തില്‍നിന്ന് കൂടുതല്‍ റണ്‍സ് നേടുകയെന്ന ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയില്‍നിന്ന് മാറിയാണ് കഴിഞ്ഞ ദിവസം റൂട്ട് സെഞ്ചുറി കണ്ടെത്തിയത്.

പരമ്പരാഗത ടെസ്റ്റ് ശൈലിയിലാണ് റൂട്ട് ബാറ്റ് വീശിയത്. 274 പന്തുകള്‍ നേരിട്ട റൂട്ട് 10 ബൗണ്ടറികളാണ് നേടിയത്. ആദ്യ മൂന്ന് മത്സരങ്ങളില്‍നിന്ന് റൂട്ടിന് നേടാനായത് ആകെ 77 റണ്‍സ് മാത്രമായിരുന്നു. ബാസ്‌ബോള്‍ ശൈലി വിട്ടപ്പോള്‍ റൂട്ടിന് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശാനും സെഞ്ചുറി നേടാനും സാധിച്ചു. റൂട്ട് സെഞ്ചുറി നേടിയതിന് പിന്നാലെ ബാസ്‌ബോള്‍ ശൈലിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും നിലവില്‍ കമന്റേറ്ററുമായ മൈക്കല്‍ വോന്‍.

‘കോമണ്‍സെന്‍സ് ബോള്‍ കാണാന്‍ മനോഹരം’ എന്നാണ് താരം എക്‌സില്‍ കുറിച്ചത്. ഇതിലൂടെ കോച്ച് ബ്രണ്ടന്‍ മക്കല്ലത്തേയും ബാസ്‌ബോളിനെ പരോക്ഷമായി പരിഹസിക്കുകയാണ് വോന്‍ ചെയ്തത്. 5ന് 122 എന്ന നിലയില്‍ തകര്‍ച്ച മുന്നില്‍ക്കണ്ട ടീമിനെ റൂട്ടും ബെന്‍ ഫോക്‌സും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. പിന്നാലെയാണ് വോന്‍ രംഗത്തെത്തിയത്. ഇരുവരും 113 റണ്‍സിന്റെ കൂട്ടുകെട്ടും ഉണ്ടാക്കിയിരുന്നു. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 353 റണ്‍സാണ് നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *