Your Image Description Your Image Description

അടൂർ : ശ്രീമൂലം ചന്തയുടെ രൂപവും ഭാവവുമൊക്കെ മാറി പുതിയ കെട്ടിടം വന്നു. കച്ചവടങ്ങൾക്കായി കെട്ടിടം തുറന്നും നൽകി. പക്ഷേ, ഇപ്പോഴും റോഡരികിലെ മിക്ക കച്ചവടക്കാരും ചന്തയ്ക്കുള്ളിലേക്ക് കയറിയിട്ടില്ല. ഇതുകാരണം ശ്രീമൂലം ചന്ത റോഡിൽ ചന്ത ദിവസം വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ചന്തയുള്ള മിക്ക സമയത്തും വാഹനങ്ങൾക്ക് ഈ റോഡുവഴി പോകാൻപറ്റാത്ത സാഹചര്യമാണ്.

മത്സ്യക്കച്ചവടം മാത്രമാണ് പുതിയ കെട്ടിടത്തിലെ ഹാളിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്. റോഡിലെ അനധികൃത കച്ചവടങ്ങൾ ഒഴിവാക്കാനായിട്ടാണ് ചന്തയുടെ പുനരുദ്ധാരണം അടുത്തിടെ നടന്നതുപോലും. പക്ഷേ, റോഡിലെ തിരക്കിൽ ഇപ്പോഴും മാറ്റമില്ല. ബുധൻ, ശനി ദിവസങ്ങളിലാണ് ചന്ത പ്രവർത്തിച്ചുവന്നിരുന്നത്. പ്രവൃത്തിദിവസങ്ങളിൽ നൂറുകണക്കിന് ആളുകൾ ചന്തയിൽ എത്തിയിരുന്നു.

പക്ഷേ, സ്ഥലപരിമിതി വലിയൊരു പ്രശ്നമായിരുന്നു. 2.32 കോടി രൂപയുടെ കിഫ്ബി പദ്ധതിയിലാണ് ചന്തയുടെ നവീകരണം പൂർത്തിയാക്കിയത്. വർഷങ്ങൾക്കുമുമ്പ് നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയശേഷമാണ് പുതിയ കെട്ടിടങ്ങൾ നിർമിച്ചത്. ആധുനിക സൗകര്യങ്ങളോടുകൂടിയ മീൻ, ഇറച്ചി സ്റ്റാളുകൾ, പച്ചക്കറികൾക്കും ഇതര വ്യാപാരങ്ങൾക്കുമായി സൗകര്യപ്രദമായ സ്റ്റാളുകൾ, ശൗചാലയങ്ങൾ എന്നിവ അടക്കമുള്ള സമഗ്ര വികസനപദ്ധതിയാണ് പുതിയ കെട്ടിടത്തിൽ വന്നത്. എന്നാൽ, ചന്തയ്ക്കുള്ളിലെ മുറികൾ പലതും അടഞ്ഞുകിടക്കുകയാണ്. ഇത് തുറന്നുനൽകാത്തതാണ് കച്ചവടം പുറത്ത് ചെയ്യാൻ കാരണമെന്ന്‌ വ്യാപാരികൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *