Your Image Description Your Image Description

കോഴിക്കോട്: കൊയിലാണ്ടി കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. സ്വരാജ് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ചോദ്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍മാങ്കൂട്ടത്തില്‍. സത്യനാഥന്റെ കൊലപാതകത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്റിലെ ആര്‍.എസ്.എസ്. പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ പരിഹാസം. കൊലപാതകത്തിനുശേഷം ആദ്യം പങ്കുവെച്ച പോസ്റ്റില്‍നിന്ന് ‘ആര്‍.എസ്.എസ്. ഭീകരതയുടെ ഒടുവിലത്തെ ഇര’ എന്ന ഭാഗം പിന്നീട് ഒഴിവാക്കിയതാണ് വിമര്‍ശനത്തിന് ആധാരം.

 

ആര്‍.എസ്.എസ്. പരാമര്‍ശം പിന്‍വലിക്കാന്‍ ആരാണ് സമ്മര്‍ദം ചെലുത്തിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ സ്വരാജ് പരാമര്‍ശം ഒഴിവാക്കിയതില്‍ ദുരൂഹതയുണ്ട്. ആര്‍.എസ്.എസ്. അല്ല കൊലപാതകത്തിനു പിന്നിലെന്ന് സ്വരാജിന് വിവരം കിട്ടിയെങ്കില്‍ ആരാണ് കൊന്നത് ആര്‍.എസ്.എസ്. ആണെങ്കില്‍ എം-ന്റെ മധ്യസ്ഥതയില്‍ ഈ കേസും സി.പി.എം- ആര്‍.എസ്.എസ്. കോംപ്രമൈസ് ആയോ പകല്‍ സി.പി.എമ്മും രാത്രി ആര്‍.എസ്.എസുമായ മറ്റുപലരേയും പോലെ ഒരു സഖാവാണോ പിടിയിലായ സി.പി.എം. നേതാവും. വെഞ്ഞാറമ്മൂട് കേസ് പോലെ ഇതും തേച്ചുമായ്ച്ചുകളയുമോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. ആര്‍.എസ്.എസ്. ഭീകരത മസിനഗുഡി വഴി ഊട്ടിക്കുപോയോയെന്നും രാഹുല്‍ പരിഹസിച്ചു.

 

സി.പി.എം. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി. സത്യനാഥന്‍ (62) ആണ് വ്യാഴാഴ്ച രാത്രി പത്തുമണിയോടെ വെട്ടേറ്റുമരിച്ചത്. പെരുവട്ടൂര്‍ മുത്താമ്പി ചെറിയപ്പുറം പരദേവതാ പേരില്ലാത്തോന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടയിലായിരുന്നു ആക്രമണമുണ്ടായത്. കൊലപാതകത്തില്‍ കീഴടങ്ങിയ പെരുവട്ടൂര്‍ പുറത്തോന അഭിലാഷ് (30) കുറ്റം സമ്മതിച്ചിട്ടുണ്ട്. നേരത്തെ ബ്രാഞ്ച് അംഗമായിരുന്ന അഭിലാഷിനെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴുവര്‍ഷം മുമ്പേ പുറത്താക്കിയിരുന്നതായാണ് വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *