Your Image Description Your Image Description

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പൊലീസിൽ കീഴടങ്ങിയ മുൻ സർക്കാർ അഭിഭാഷകൻ പി ജി മനു ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ചോറ്റാനിക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. കഴിഞ്ഞമാസം അവസാനം പി ജി മനു പൊലീസിൽ കീഴടങ്ങുകയായിരുന്നു. എറണാകുളം പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെത്തിയായിരുന്നു കീഴടങ്ങിയത്.

ഹൈക്കോടതിയും സുപ്രീം കോടതിയും പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. സുപ്രീം കോടതി പത്ത് ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കീഴടങ്ങിയത്. നേരത്തെ ഹൈക്കോടതി പൊലീസിൽ കീഴടങ്ങാൻ പറഞ്ഞെങ്കിലും പിജി മനു സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

2018ൽ നടന്ന പീഡന കേസിൽ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. നിയമസഹായം നൽകാനെന്ന പേരിൽ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

മാനസികമായി തകർന്ന പെൺകുട്ടി വീട്ടുകാരോട് ആദ്യം പീഡന വിവരം പറഞ്ഞിരുന്നില്ല. പിന്നീട് ഒക്ടോബർ ഒൻപതിനും 10നും പീഡനം നടന്നുവെന്നും യുവതി ആലുവ റൂറൽ എസ് പി ക്ക് നൽകിയ പരാതിയിൽ പറയുന്നു. ബലമായി പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി പിജി മനുവിനെതിരെ കേസടുത്തത്. പൊലീസിൽ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ട് മനു സമ്മർദം ചെലുത്തിയതായും പിന്നീട് രമ്യമായി പരിഹരിക്കാമെന്ന് ആവശ്യപ്പെട്ടതായും യുവതിയുടെ അഭിഭാഷക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *