Your Image Description Your Image Description

മന്ത്രിസഭാ പുനഃസംഘടനയിലൂടെ രാമചന്ദ്രൻ കടന്നപ്പള്ളി മൂന്നാം തവണയും മന്ത്രി യൂണിഫോം അണിയും. എല്ലാവർക്കും സ്വീകാര്യമായ, കക്ഷി രാഷ്ട്രീയത്തിന് അതീതമായ പിന്തുണയാണ് കടന്നപ്പള്ളിയുടെ മന്ത്രിസ്ഥാനത്തിന്. മുന്നണിയിൽ ചെറിയ കക്ഷിയായിരുന്നിട്ടും കോൺഗ്രസിനെയും (എസ്) കടന്നപ്പള്ളിയെയും എൽഡിഎഫ് നന്നായി കൈകാര്യം ചെയ്തു. മുന്നണിയോടും സിപിഎമ്മിനോടും എല്ലാ കാലത്തും വിശ്വാസ്യത കാത്തുസൂക്ഷിച്ചു എന്നതാണ് കടന്നപ്പള്ളിയുടെ പ്ലസ് പോയിന്റ്. ജനകീയ നേതാവ് എന്ന പദവിയും ഈ പരിഗണനയ്ക്ക് കാരണമായി. 2016ലെ ആദ്യ പിണറായി വിജയൻ മന്ത്രിസഭയിലും രാമചന്ദ്രനെ ഉൾപ്പെടുത്തി. തുറമുഖം, പുരാവസ്തു വകുപ്പുകൾ കടന്നപ്പള്ളിക്ക് ലഭിച്ചു. രണ്ടാം പിണറായി മന്ത്രിസഭയിലേക്ക് ആദ്യഘട്ടത്തിൽ തന്നെ അദ്ദേഹത്തിന്റെ പേര് ഉയർന്നുവെങ്കിലും മുന്നണിയുടെ ആവശ്യം പരിഗണിച്ച് രണ്ടര വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

1971ൽ കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ ഇ കെ നായനാരെ പരാജയപ്പെടുത്തി നിയമ വിദ്യാർത്ഥിയായിരിക്കെയാണ് കടന്നപ്പള്ളി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയത്. 1977ൽ രാമണ്ണ റായിയെ പരാജയപ്പെടുത്തി കാസർകോടിനെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തി. 1980ൽ ഇരിക്കൂരിൽ നിന്നും 2006-11ൽ എടക്കാട് എംഎൽഎയായി. 2009 ഓഗസ്റ്റ് 17 മുതൽ 2011 മേയ് 14 വരെയുള്ള കാലയളവിൽ വിഎസ് മന്ത്രിസഭയിൽ ദേവസ്വം, പ്രിന്റിംഗ്, സ്റ്റേഷനറി വകുപ്പ് മന്ത്രിയായിരുന്നു. എംപിയായിരുന്ന കാലത്ത് റെയിൽവേ, കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം, ലോക്സഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് കടന്നപ്പള്ളി സാമൂഹ്യപ്രവർത്തനം ആരംഭിച്ചത്. 1960ൽ കെഎസ്‌യു കണ്ണൂർ താലൂക്ക് പ്രസിഡന്റായി. 1965ൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയായ അദ്ദേഹം 1969ൽ പ്രസിഡന്റായി.1980ൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരിക്കെ കോൺഗ്രസ് പിളർന്നപ്പോൾ കടന്നപ്പള്ളി എൽഡിഎഫിലെത്തി. അന്ന് ഒപ്പമുണ്ടായിരുന്ന എ.കെ.ആന്റണി വീണ്ടും കോൺഗ്രസിലേക്ക് പോയെങ്കിലും കടന്നപ്പള്ളി എൽ.ഡി.എഫിൽ നിലയുറപ്പിച്ച് ഇരിക്കൂർ എം.എൽ.എ ആയി.

Leave a Reply

Your email address will not be published. Required fields are marked *