Your Image Description Your Image Description

മുംബൈ: രണ്‍ബീര്‍ നായകനായ അനിമല്‍ വലിയതോതിലാണ് ബോക്സോഫീസ് സ്വീകരിച്ചത്. ആഗോള ബോക്സോഫീസില്‍ ഇതിനകം 800 കോടി പിന്നിട്ടിരിക്കുകയാണ് സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെ അനിമലിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് അടക്കം മറുപടി പറഞ്ഞ് നിരവധി അഭിമുഖങ്ങള്‍ നല്‍കുകയാണ് സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ.

ഇത്തരം ഒരു അഭിമുഖത്തിലാണ് അനിമലിന്‍റെ ഒടിടി പതിപ്പില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ ഉണ്ടാകുമെന്ന് സന്ദീപ് റെഡ്ഡി വംഗ അറിയിച്ചത്. തിയേറ്ററില്‍ റിലീസ് ചെയ്ത സിനിമയില്‍ നിന്നും 8-9 മിനിറ്റ് അവസാനഘട്ടത്തില്‍ വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ അത് ഒടിടി റിലീസ് സമയത്ത് ഉള്‍പ്പെടുത്തും എന്നാണ് സന്ദീപ് പറയുന്നത്. ഒടിടി പതിപ്പിന് വേണ്ടിയുള്ള എഡിറ്റിംഗിലാണ് ഇപ്പോള്‍ താനും ടീമും എന്നാണ് സന്ദീപ് പറയുന്നത്.

ഏറ്റവും പുതിയ വാര്‍ത്ത അനുസരിച്ച് 2024 ജനുവരി 26-ന് നെറ്റ്ഫ്ലിക്സില്‍ അനിമല്‍ എത്തും എന്നാണ് വിവരം. എന്നാല്‍ ഇതില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. സ്ട്രീമിംഗ് പാര്‍ട്ണര്‍ ആരാണ് എന്നതില്‍ നേരത്തെ അനിമല്‍ അണിയറക്കാര്‍ വെളിപ്പെടുത്തിയിരുന്നില്ല.

ചിത്രത്തിൽ അനിൽ കപൂർ, രശ്മിക മന്ദാന, ശക്തി കപൂർ, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഡിസംബർ 1 ന് റിലീസ് ചെയ്തപ്പോൾ സമ്മിശ്ര റിവ്യൂവാണ് ചിത്രത്തിന് ലഭിച്ചത്. പക്ഷേ ടാർഗെറ്റ് പ്രേക്ഷകര്‍ തീയറ്ററില്‍‌ ഇരച്ച് എത്തിയതോടെ ചിത്രത്തിന്‍റെ ബോക്സോഫീസ് ജാതകം മാറി. തുടർന്ന് സോഷ്യൽ മീഡിയയിലെ വിവാദങ്ങളും ചൂടേറിയ ചർച്ചകളും ചിത്രത്തിന്‍റെ കളക്ഷനെ ബാധിച്ചില്ല എന്ന് പറയാം.
ചിത്രം ബോക്സോഫീസില്‍ 20 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സണ്ണി ഡിയോളിന്‍റെ ഈ വര്‍ഷത്തെ അത്ഭുത ഹിറ്റ് ഗദ്ദര്‍ 2 വിന്‍റെ ലൈഫ് ടൈം ബിസിനസ് കടന്നിരിക്കുകയാണ് അനിമല്‍. സാക്നില്‍ക്.കോം കണക്ക് പ്രകാരം തിങ്കള്‍, ചൊവ്വ ദിനങ്ങളെ അപേക്ഷിച്ച് ബുധനാഴ്ച അനിമല്‍ കളക്ഷന്‍ താഴോട്ട് പോയി. 5 കോടിയാണ് ചിത്രം നേടിയത്. എങ്കിലും മൂന്നാഴ്ച പിന്നിട്ട ചിത്രം തരക്കേടില്ലാത്ത കളക്ഷനാണ് നേടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *