Your Image Description Your Image Description

പുല്പള്ളി : റെയിൻബോനഗർ-മാവിൻചുവട് റോഡ് തകർന്നുകിടക്കുമ്പോഴും കണ്ടില്ലെന്ന് നടിച്ച് അധികാരികൾ. റോഡിന്റെ ശോച്യാവസ്ഥകൊണ്ട്‌ ദുരിതമനുഭവിക്കുകയാണ് നാട്ടുകാർ. കുഴികൾ നിറഞ്ഞ റോഡിൽ വാഹനാപകടങ്ങൾ പതിവാണ്. ഭാഗ്യമുണ്ടെങ്കിൽ രക്ഷപ്പെടാം എന്ന അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ. റോഡിലെ കുഴിയിൽവീണ് പരിക്കുപറ്റിയ ഇരുചക്രവാഹനക്കാർ ഏറെയുണ്ട്. പലതവണ പരാതിപ്പെട്ടിട്ടും അധികൃതരാരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പുല്പള്ളി ഗ്രാമപ്പഞ്ചായത്തിലെ മീനംകൊല്ലി വാർഡിലാണ് റെയിൻബോനഗർ-മാവിൻചുവട് റോഡ് കടന്നുപോകുന്നത്. വർഷങ്ങൾക്കുമുമ്പാണ് റോഡ് ടാർചെയ്ത് ഗതാഗതയോഗ്യമാക്കിയത്. ഇതിനുശേഷം റോഡിൽ കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ല. ടാറിങ് ഇളകി പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്ന ഈ റോഡിലൂടെ വാഹനയാത്ര ദുഷ്‌കരമാണ്.കുത്തനെയുള്ള കയറ്റത്തിലാണ് റോഡ് പൂർണമായും തകർന്നിരിക്കുന്നത്. ഈ ഭാഗത്ത് കോൺക്രീറ്റ് ചെയ്തെങ്കിൽ മാത്രമേ നിലനിൽക്കുകയുള്ളുവെന്നാണ് നാട്ടുകാർ പറയുന്നത്. ഗ്രാമപ്പഞ്ചായത്ത് അധികൃതർക്കും ഒട്ടേറെത്തതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. മൂന്നുതവണ ഗ്രാമസഭായോഗം ചേർന്ന് റോഡ് നന്നാക്കുന്നതിനായി നടപടി സ്വീകരിക്കണമെന്ന് തീരുമാനമെടുത്തെങ്കിലും കാര്യമുണ്ടായില്ല.

തകർന്ന റോഡിലൂടെ വാഹനങ്ങൾ കടന്നുപോകാൻ പ്രയാസമായതോടെ ഓട്ടോറിക്ഷയടക്കമുള്ള വാഹനങ്ങൾ ഇവിടേക്ക്‌ ഓട്ടംവിളിച്ചാൽ വരാതായി. നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ റോഡിനോട് അധികൃതർ തുടർന്നുവരുന്ന അവഗണന പ്രദേശത്തെ ജനങ്ങളുടെ യാത്ര ദുഷ്‌കരമാക്കുകയാണ്. ഈ റോഡിൽനിന്ന്‌ മുണ്ടക്കാമറ്റം കോളനിയിലേക്കുള്ള ക്രോസ് റോഡിന്റെ 100 മീറ്റർ ഭാഗം സോളിങ് നടത്തിയിട്ട് ആറ്ുവർഷത്തോളമായി. ഈ ഭാഗം ടാറിങ് ചെയ്യാനും നടപടിയുണ്ടാകുന്നില്ല. അധികാരികളുടെ അനാസ്ഥ അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് റോഡ് ടാർചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *