Your Image Description Your Image Description

അമ്പലവയൽ : ടൗണിലെ ഗതാഗതനിയന്ത്രണ സംവിധാനം കുത്തഴിഞ്ഞിട്ടും കുലുക്കമില്ലാതെ അധികൃതർ. തോന്നിയപോലെയുള്ള വാഹന പാർക്കിങ് ടൗണിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാവുകയാണ്. അന്താരാഷ്ട്ര പുഷ്പമേളയായ പൂപ്പൊലി ആരംഭിക്കാൻ ദിവസങ്ങൾ മാത്രമുള്ളതിനാൽ ഗതാഗത പരിഷ്കരണം നടപ്പാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെടുന്നു.

ജില്ലയിൽ വീതിയേറിയ റോഡുള്ള ടൗണാണ് അമ്പലവയൽ. സുൽത്താൻബത്തേരി-വടുവൻചാൽ പാതയാണ് പ്രധാനപാത. ടൗണിലേക്ക് പ്രവേശിക്കുമ്പോൾത്തന്നെ പാത ഇരട്ടിയോളം വീതിയിലാണ് നിർമിച്ചിരിക്കുന്നത്. എന്നാൽ സ്വകാര്യവാഹനങ്ങളുടെ തോന്നുംപടിയുള്ള പാർക്കിങ് കാരണം ഗതാഗതസംവിധാനം താറുമാറായ അവസ്ഥയാണ്. ടൗണിൽ ഏറ്റവും തിരക്കുള്ള ഭാഗമായ ചുള്ളിയോട് റോഡിലാണ് അനധികൃത പാർക്കിങ് കൂടുതലുള്ളത്.പാതയുടെ വലതുവശത്ത് ഇരുചക്രവാഹന പാർക്കിങ് എന്ന് ബോർഡുണ്ടെങ്കിലും എല്ലാത്തരം വാഹനങ്ങളും ഇവിടെ നിർത്തിയിടുന്നു. തിരക്കുള്ള നേരത്ത് സീബ്രാലൈനിൽപോലും വാഹനങ്ങൾ നിർത്തിയിട്ട് പോകുന്നതാണ് അവസ്ഥ. ദിവസംമുഴുവൻ വാഹനങ്ങൾ ഇവിടെ നിർത്തിയിടുന്നത് വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കടയിലേക്ക് സാധനങ്ങളിറക്കാനും ഉപഭോക്താക്കളുടെ വാഹനങ്ങൾ നിർത്താനും പറ്റാത്ത അവസ്ഥയാണ്. ടൗണിൽ ബസ്‌സ്റ്റാൻഡിലേക്ക് തിരിയുന്ന ഭാഗത്തെ സീബ്രാലൈനുകളും മാഞ്ഞുതുടങ്ങി.

ഒരുവർഷംമുൻപാണ് അമ്പലവയൽ ഗ്രാമപ്പഞ്ചായത്തും സംയുക്ത മോട്ടോർ തൊഴിലാളിയൂണിയനും വ്യാപാരികളും പോലീസുംചേർന്ന് ട്രാഫിക് ഉപദേശകസമിതിയോഗം ചേർന്നത്. ഇതുപ്രകാരം ടൗണിൽ പുതിയ ഗതാഗതനിയന്ത്രണ സംവിധാനം നടപ്പാക്കി. വാഹനങ്ങൾ നിർത്തിയിടാനും ടാക്സിവാഹനങ്ങളുടെ പാർക്കിങ്ങിനുമെല്ലാം പ്രത്യേകം സ്ഥലങ്ങൾ നിശ്ചയിച്ചു. ഇവ സൂചിപ്പിക്കുന്ന പുതിയ സൂചനാബോർഡുകളും വെച്ചു. പക്ഷേ, ഈ തീരുമാനങ്ങളൊന്നും നടപ്പായില്ല.

നോ പാർക്കിങ് ബോർഡിനുതാഴെ വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാണ്. ടാക്സി സ്റ്റാൻഡിൽവരെ സ്വകാര്യ വാഹനങ്ങൾ നിർത്തിയിടും. ഇതിന്റെപേരിൽ മിക്കപ്പോഴും വാക്കുതർക്കവും പതിവാണ്. കടകൾക്കുമുമ്പിൽ അലക്ഷ്യമായി വാഹനം നിർത്തിയിട്ടുപോകുന്നതിനാൽ വ്യാപാരികളും വാഹന ഉടമകളും തമ്മിൽ തർക്കമുണ്ടാകാറുണ്ട്. വലിയതുക മുടക്കി ഗ്രാമപ്പഞ്ചായത്ത് സ്ഥാപിച്ച ബോർഡുകൾ നോക്കുകുത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *