Your Image Description Your Image Description

താമരശ്ശേരി : ചുരത്തിൽ ലോറികൾ വളവിൽക്കുടുങ്ങിയും വാഹനങ്ങൾ അപകടത്തിൽപ്പെട്ടും ശനിയാഴ്ച മണിക്കൂറുകളോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വാഹനബാഹുല്യം കൂടിയായതോടെ ഗതാഗതക്കുരുക്കിൽ ചുരംപാതയിൽ അകപ്പെട്ട് യാത്രക്കാർ വലഞ്ഞു. വെള്ളിയാഴ്ച അർധരാത്രിയോടെ വയനാട് ഭാഗത്തുനിന്ന് ചുരമിറങ്ങിവരുകയായിരുന്ന ലോറി ഏഴാംവളവിൽ പാർശ്വഭിത്തിയിൽ തട്ടിനിന്നുപോയിരുന്നു. അടിഭാഗം പാർശ്വഭിത്തിയിൽ ഉടക്കിനിന്ന ഈ ലോറി ഏതാനും മണിക്കൂറുകൾ കഴിഞ്ഞാണ് പുലർച്ചെ ചുരംപാതയിൽനിന്ന് നീക്കിയത്. അതുവരെ ഇതുവഴി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

തുടർന്ന് ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് വയനാട്ടിലേക്ക് സിമന്റ് കയറ്റിപ്പോവുകയായിരുന്ന മറ്റൊരു ചരക്കുലോറി ആറാംവളവിൽ കുടുങ്ങിയത്. യന്ത്രഭാഗം പൊട്ടിയതിനെത്തുടർന്നാണ് പതിന്നാലു ചക്ര ലോറി വളവിൽ വീതികുറഞ്ഞ ഭാഗത്ത് അകപ്പെട്ടത്. വാഹനക്കമ്പനിയിൽനിന്ന് യന്ത്രഭാഗമെത്തിച്ച് തകരാർ പരിഹരിക്കുമ്പോഴേക്കും സമയം 11.45 പിന്നിട്ടു. ലോറി ആറാംവളവിൽ കുടുങ്ങിനിന്ന ആറുമണിക്കൂറോളം ഇതുവഴി ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തിവിട്ടത്. അവധിക്കാലമായതിനാൽ വയനാട്, കർണാടക, തമിഴ്‌നാട് ഭാഗത്തേക്കുള്ള വിനോദസഞ്ചാരികളും നാട്ടിലേക്ക് തിരിച്ചുവരുന്നവരുമുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളായിരുന്നു ചുരംപാതയിലുണ്ടായിരുന്നത്. ചുരംപാതയിൽ മണിക്കൂറുകളോളം വരിയിൽ കാത്തുകിടന്ന വാഹനങ്ങളുടെ നിര ഒരുഘട്ടത്തിൽ കൈതപ്പൊയിൽവരെ നീണ്ടു.ഒരു വശത്തുകൂടി ഗതാഗതം സാധ്യമാക്കുന്നതിനിടെ, നിരതെറ്റിച്ച് മുന്നോട്ടുപോയ ചില കാറുകൾ ഗതാഗതസ്തംഭനമുണ്ടാക്കി .

രാവിലെ പത്തുമണിയോടെ നാലാംവളവിൽ ചുരമിറങ്ങുകയായിരുന്ന ലോറിയുടെ ഇടതുവശത്തുകൂടി മറികടക്കാൻ ശ്രമിച്ച കാർ ലോറിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് അല്പനേരം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. 11 മണിയോടെ ആറാംവളവിനുമുകളിൽ കർണാടകയിൽനിന്ന് വരുകയായിരുന്ന കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാറിന്റെ ബ്രേക്ക് നഷ്ടമായി തലകീഴായി മറിഞ്ഞു. മറിയുന്നതിനിടെ ഈ കാർ ഇടിച്ച് മറ്റൊരു കാറിന്റെ പിറകിലെ ചില്ല് തകരുകയും ഒരുവശത്തെ ഡോറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കാർയാത്രക്കാർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അതേസമയം, ക്രെയിൻ എത്തിച്ച് കാർ നീക്കുന്നതുവരെ ഈ ഭാഗത്തും ഗതാഗതതടസ്സം നേരിട്ടു.

എസ്.ഐ പി.കെ. വിപിനിന്റെ നേതൃത്വത്തിൽ താമരശ്ശേരി ഹൈവേ പോലീസും, എസ്.ഐ സുരേഷിന്റെ നേതൃത്വത്തിൽ അടിവാരം ഔട്ട്പോസ്റ്റ് പോലീസും അടിവാരം-വയനാട് ചുരംസംരക്ഷണസമിതി പ്രവർത്തകരും എൻ.ആർ.ഡി.എഫ് അംഗങ്ങളും നാട്ടുകാരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചു. വരിയിൽ കാത്തുകിടന്നിരുന്ന വാഹനങ്ങളുടെ എണ്ണമേറിയതും അവധിയാഘോഷത്തിനെത്തിയ സഞ്ചാരിപ്രവാഹവും കാരണം ലോറി മാറ്റിയിട്ടും ഏറെനേരം കഴിഞ്ഞാണ് ചുരത്തിൽ ഗതാഗതം പഴയപടിയായത്.

Leave a Reply

Your email address will not be published. Required fields are marked *