Home » Blog » kerala Max » അന്നമിത്ര പദ്ധതിക്ക് തുടക്കം; സ്കൂളുകളിൽ ഭക്ഷണസംരക്ഷണത്തിന്റെ സന്ദേശവുമായി റിസോർസിയോ
IMG-20261126-WA0006

കൊച്ചി: ഭക്ഷ്യസുരക്ഷയും സുസ്ഥിര ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റിസോർസിയോയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘അന്നമിത്ര’ പദ്ധതിക്ക് ജില്ലയിലെ വിവിധ സ്കൂളുകളിൽ തുടക്കമായി. ആലുവ ജ്യോതി നിവാസ് പബ്ലിക് സ്കൂൾ, പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ, തമ്മനം നളന്ദ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിച്ചത്.

സ്കൂൾ പ്രിൻസിപ്പൽമാരുടെയും വിശിഷ്ടാതിഥികളുടെയും നേതൃത്വത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങുകളിൽ സ്കൂൾ മാനേജ്‌മെന്റ്, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു. തൈകൾ വിതരണം ചെയ്തും സ്കൂൾ കൃഷിയിടങ്ങൾക്ക് തുടക്കം കുറിച്ചും വിദ്യാർഥികൾ പദ്ധതിയുടെ ഭാഗമായി.

ഭക്ഷണം കൃഷി ചെയ്യുക, പാഴാക്കാതെ സംരക്ഷിക്കുക, ആവശ്യക്കാരുമായി പങ്കുവെക്കുക, ഭക്ഷ്യലഭ്യതയും പാഴാക്കലും നിരീക്ഷിക്കുക എന്നീ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളെ ഉത്തരവാദിത്തമുള്ള ‘ഫുഡ് ഹീറോകളായി’ വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യമായ ‘വിശപ്പുരഹിത ലോകം’ എന്ന ആശയവും പദ്ധതി ഉയർത്തിപ്പിടിക്കുന്നു.

വിദ്യാലയങ്ങളെ പങ്കാളികളാക്കി ഭക്ഷണത്തിന്റെ മൂല്യം തിരിച്ചറിയുന്ന പുതുതലമുറയെ വളർത്തിയെടുക്കാനുള്ള റിസോർസിയോയുടെ ഈ സംരംഭം വിശപ്പുരഹിതവും സുസ്ഥിരവുമായ സമൂഹത്തിലേക്കുള്ള ശ്രദ്ധേയമായ ചുവടുവെപ്പാണ്.

ഫോട്ടോ: പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിലെ അന്നമിത്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ വി.പി പ്രീത വിദ്യാർഥിക്ക് തൈ വിതരണം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *