Home » Blog » kerala Max » സ്റ്റാർ ഹെൽത്ത് പരാതി പരിഹാര ക്യാമ്പ് സംഘടിപ്പിച്ചു
IMG-20261126-WA0005

തിരുവനന്തപുരം: പോളിസി ഉടമകളുടെ പരാതികളിൽ വേഗത്തിലും ഫലപ്രദമായും പരിഹാരം കാണുന്നതിനായി സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസുമായി സഹകരിച്ച് പരാതി പരിഹാര ക്യാമ്പ് സംഘടിപ്പിച്ചു. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) നേതൃത്വത്തിൽ നടത്തുന്ന പരാതി പരിഹാര മാസത്തിൻ്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഐആർഡിഎഐ ചീഫ് ജനറൽ മാനേജർ കെ.ജി.പി.എൽ. രാമാദേവി, കൗൺസിൽ ഫോർ ഇൻഷുറൻസ് ഓംബുഡ്‌സ്മാൻ (സിഐഒ) കൊച്ചി സെക്രട്ടറി എ. ഷിയാസ്, വിവിധ ലൈഫ്, ജനറൽ ഇൻഷുറൻസ് കമ്പനികളുടെ പ്രതിനിധികൾ എന്നിവർ ചേർന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 43 ലൈഫ്, ജനറൽ ഇൻഷുറൻസ് കമ്പനികളുടെ പ്രതിനിധികൾ, നിയന്ത്രണ അതോറിറ്റി ഉദ്യോഗസ്ഥർ, ഇൻഷുറൻസ് ഓംബുഡ്‌സ്മാൻ, ഇൻഷുറൻസ് മേഖലയിലെ മറ്റ് പ്രമുഖർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.

പോളിസി ഉടമകളുടെ തീർപ്പാകാത്ത പരാതികൾക്ക് പരിഹാരം കാണുകയായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. ക്യാമ്പിൽ പങ്കെടുത്ത കമ്പനികൾ സംയുക്തമായി 3.5 കോടി രൂപയിലധികം വരുന്ന 70ലേറെ പരാതികൾ പരിഹരിച്ചു. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് ലഭിച്ച 14 പരാതികൾക്കും ക്യാമ്പിൽ പരിഹാരമായി. ഏകദേശം 10.5 ലക്ഷം രൂപയുടെ പരാതികളിലാണ് ഉടൻ തീർപ്പുണ്ടാക്കിയത്. ഇൻഷുറൻസ് ഓംബുഡ്‌സ്മാൻ മുമ്പാകെയുള്ള പരാതികൾ, ഉപഭോക്തൃ ഫോറത്തിലെ പരാതികൾ, പോളിസിയുമായി ബന്ധപ്പെട്ട മറ്റ് പരാതികൾ എന്നിവയാണ് പരിഗണിച്ചത്.

ഉപഭോക്തൃ സേവനത്തിലെ സുതാര്യത, പരാതികൾ ഉയർന്ന തലങ്ങളിലേക്ക് കൈമാറുന്നതിനുള്ള ബീമ ഭരോസ പോർട്ടൽ, ഇൻഷുറൻസ് ഓംബുഡ്‌സ്മാൻ സംവിധാനം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണ സെഷനുകളും ക്യാമ്പിലുണ്ടായിരുന്നു. 2047ഓടെ എല്ലാവർക്കും ഇൻഷുറൻസ് എന്ന ദേശീയ ലക്ഷ്യം കൈവരിക്കുന്നതിൽ ഇൻഷുറൻസ് കമ്പനികൾക്കും നിയന്ത്രണ സംവിധാനങ്ങൾക്കുമുള്ള കൂട്ടായ ഉത്തരവാദിത്തവും ചർച്ച ചെയ്തു. ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിലൂടെയും ക്ലെയിമുകൾ തീർപ്പാക്കുന്നതിലൂടെയും മാത്രമല്ല ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കേണ്ടതെന്ന് സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കേരള ബിസിനസ് ഹെഡ് സുരേഷ് ആർ.എസ്. പറഞ്ഞു.

ക്യാമ്പിൽ പങ്കെടുക്കാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് സ്റ്റാർ ഹെൽത്തിൻ്റെ നിലവിലുള്ള ഉപഭോക്തൃ സേവന, പരാതി പരിഹാര സംവിധാനങ്ങളിലൂടെ പരാതികൾ അറിയിക്കാം. support@starhealth.in എന്ന ഇ-മെയിൽ വിലാസത്തിലോ 1800-425-2255, 1800-102-4477 എന്നീ ടോൾ ഫ്രീ നമ്പറുകളിലോ ബന്ധപ്പെടാം.

ഐആർഡിഎഐയുടെ പരാതി പരിഹാര മാസത്തിൻ്റെ ഭാഗമായി നവംബർ 13 മുതൽ 27 വരെ രാജ്യത്തുടനീളം 16 പരാതി പരിഹാര ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ലൈഫ് ഇൻഷുറൻസ് കൗൺസിലും ജനറൽ ഇൻഷുറൻസ് കൗൺസിലുമാണ് ക്യാമ്പുകൾക്ക് നേതൃത്വം നൽകുന്നത്.
***

Leave a Reply

Your email address will not be published. Required fields are marked *