Home » Blog » kerala Max » ശസ്ത്രക്രിയയ്ക്ക് വിധേയയായ വയോധിക മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎംഒ
death-1-680x450

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ വയോധിക മരിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ഡിഎംഒ. ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവം അന്വേഷിക്കുക. ചികിത്സാ പിഴവ് സംഭവിച്ചതായും മരണവിവരം ഡോക്ടർമാർ മറച്ചുവെച്ചതായും ആരോപിച്ച് മരിച്ച ചെമ്പ്രകാനം സ്വദേശി മാധവിയുടെ ബന്ധുക്കൾ രംഗത്തെത്തിയതോടെയാണ് നടപടി.

ശസ്ത്രക്രിയയ്ക്ക് ശേഷം പുറത്തുകൊണ്ടുവന്ന മാധവിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മാധവിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും മരണവിവരം കൃത്യമായി അറിയിച്ചില്ലെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു. അനസ്തേഷ്യ നൽകിയതിലോ ശസ്ത്രക്രിയയ്ക്കിടയിലോ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്നാണ് കുടുംബത്തിന്റെ സംശയം. അതേസമയം, ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലേക്ക് മാറ്റിയ സമയത്ത് രോഗിയുടെ രക്തസമ്മർദം കുറഞ്ഞിരുന്നുവെന്നും തുടർന്ന് ഹൃദയാഘാതം ഉണ്ടായെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.

സംഭവത്തിൽ ആശുപത്രി അധികൃതർ ഡിഎംഒയ്ക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് രേഖാമൂലം ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മാധവിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *