
പാകിസ്ഥാനിൽ നിർമിക്കുന്ന സൗന്ദര്യവർധക ക്രീമുകൾ നിരോധനം മറികടന്ന് കേരളത്തിലെ വിപണികളിലെത്തുന്നതായി കണ്ടെത്തൽ. ദുബായ് വഴിയാണ് ഇത്തരം ക്രീമുകൾ കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും എത്തുന്നതെന്നാണ് റിപ്പോർട്ട്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഉത്പന്നങ്ങൾക്കെതിരെ ഡ്രഗ്സ് കൺട്രോൾ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ടുമാസം മുൻപ് നടത്തിയ പരിശോധനയിൽ ‘ഫൈസ’, ‘ഗോരി’ എന്നീ ക്രീമുകൾ പിടിച്ചെടുത്തിരുന്നു. ഇവയിൽ അനുവദനീയമായതിന്റെ ആയിരക്കണക്കിന് മടങ്ങ് മെർക്കുറി കണ്ടെത്തിയതായും അധികൃതർ അറിയിച്ചു.
മുഖം വെളുപ്പിക്കാനായി ചർമത്തിലെ മെലാനിൻ ഉത്പാദനം തടയുന്നതിനാണ് ഇത്തരം ക്രീമുകളിൽ മെർക്കുറി ചേർക്കുന്നത്. എന്നാൽ അമിതമായ മെർക്കുറി ചർമത്തിലൂടെ ശരീരത്തിലെത്തി രക്തത്തിൽ കലരുകയും വൃക്കകളെ ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മുഖത്ത് പുരട്ടുന്ന ക്രീമുകളിൽ അനുവദനീയമായ മെർക്കുറിയുടെ അളവ് ഒരു പി.പി.എം. മാത്രമാണ്. എന്നാൽ പിടിച്ചെടുത്ത ചില ക്രീമുകളിൽ 20,000 പി.പി.എം. വരെ കണ്ടെത്തിയിരുന്നു. ‘ഗോരി’, ‘ചാന്ദ്നി’ തുടങ്ങിയ ക്രീമുകൾക്കെതിരെ കേന്ദ്ര ഡ്രഗ്സ് റെഗുലേറ്ററും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
അതിനിടെ, മുഖകാന്തി വർധിപ്പിക്കാനുള്ള ക്രീം ഉപയോഗിച്ചതിനെ തുടർന്ന് ഗുരുതര വൃക്കരോഗം ബാധിച്ച മലപ്പുറം അരീക്കോട്ടെ 17-കാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഓൺലൈനിലൂടെ വാങ്ങിയ ‘എഫ് ട്യൂൺ’ ക്രീമിന്റെ സാമ്പിളും പെൺകുട്ടി പോലീസിന് കൈമാറിയിട്ടുണ്ട്. പിടിക്കപ്പെടുന്ന ഉത്പന്നങ്ങൾ ലേബൽ മാറ്റി വീണ്ടും വിൽക്കുന്നതായും ഓൺലൈൻ വിൽപ്പന വ്യാപകമാണെന്നും റിപ്പോർട്ടുകളുണ്ട്. സംശയാസ്പദമായ ക്രീമുകളെക്കുറിച്ചുള്ള പരാതികൾ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ടോൾഫ്രീ നമ്പറായ 1800-425-3182-ൽ അറിയിക്കാം.
