Home » Blog » Kerala » ‘നോ’ പറഞ്ഞിട്ടും പിന്നാലെ കൂടി; മാതാപിതാക്കളെ പോലും അസ്വസ്ഥരാക്കിയ വിവാഹാലോചനയെക്കുറിച്ച് അനന്യ ബിർളയുടെ വെളിപ്പെടുത്തൽ
images (7)

പ്രമുഖ വ്യവസായി കുമാർ മംഗളം ബിർളയുടെ മകളും സംരംഭകയും ഗായികയുമായ അനന്യ ബിർള നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. കരൺ ജോഹർ അവതാരകനായെത്തുന്ന സെലിബ്രിറ്റി ചാറ്റ് ഷോയായ ‘കോഫി വിത്ത് കരണിൽ’ പങ്കെടുക്കവെയാണ് തനിക്ക് പ്രമുഖ വ്യവസായ കുടുംബത്തിലെ ഒരാളിൽ നിന്ന് പലവട്ടം വിവാഹാലോചന ലഭിച്ചിട്ടുണ്ടെന്ന് അനന്യ വ്യക്തമാക്കിയത്. ഇതോടെ ആരാണ് ആ വ്യക്തിയെന്ന അന്വേഷണവും ഊഹാപോഹങ്ങളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

 

രണ്ട് പ്രമുഖ ബിസിനസ് ബ്രാൻഡുകൾ തമ്മിലുള്ള ബന്ധം എന്ന നിലയിൽ ആരിൽ നിന്നെങ്കിലും വിവാഹാലോചന വന്നിട്ടുണ്ടോ എന്ന കരൺ ജോഹറിന്റെ ചോദ്യത്തിനായിരുന്നു അനന്യയുടെ മറുപടി. “രണ്ട് ബ്രാൻഡുകൾ തമ്മിലുള്ള ബന്ധമാണോ എന്നെനിക്കറിയില്ല. എന്നാൽ ഒരേ വ്യക്തിയിൽ നിന്ന് ഒന്നിലധികം തവണ വലിയൊരു വിവാഹാലോചന വന്നിരുന്നു” എന്ന് അനന്യ പറഞ്ഞു. ഒരേ വ്യക്തിയിൽ നിന്ന് തന്നെയാണോ എന്ന കരണിന്റെ ചോദ്യത്തിന് ‘അതെ’ എന്ന് മറുപടി നൽകിയെങ്കിലും, ആരാണെന്ന് വെളിപ്പെടുത്താൻ താരം തയ്യാറായില്ല.

 

ഒരു തവണ നിരസിച്ച വ്യക്തിയിൽ നിന്ന് തന്നെ വീണ്ടും വിവാഹാലോചന വന്നത് തന്റെ മാതാപിതാക്കളെ പോലും അസ്വസ്ഥരാക്കിയിരുന്നുവെന്ന് അനന്യ ഷോയിൽ വെളിപ്പെടുത്തി. എപ്പിസോഡ് പുറത്തുവന്നതിന് പിന്നാലെ ആരായിരിക്കാം ആ വ്യക്തിയെന്ന ചർച്ചകൾ സജീവമായി. അനന്ത് അംബാനിയുടെ പേരാണ് സോഷ്യൽ മീഡിയയിൽ കൂടുതലായും ഉയർന്നുകേൾക്കുന്നത്. ഇതിനുപുറമെ കവിൻ മിത്തലിന്റെ പേരും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗോദ്‌റെജ്, ബജാജ്, ഹിന്ദുജ, ജിൻഡാൽ തുടങ്ങി നിരവധി പ്രമുഖ വ്യവസായ കുടുംബങ്ങളുണ്ടല്ലോ എന്ന കമന്റുകളും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്.

 

33കാരിയായ അനന്യ ബിർള ബിസിനസ് രംഗത്തും സംഗീത ലോകത്തും ഒരുപോലെ സജീവമാണ്. സാമ്പത്തികശാസ്ത്രത്തിലും മാനേജ്മെന്റിലും ബിരുദം നേടിയ അവർ പോപ്പ് ഗായിക എന്ന നിലയിലും ശ്രദ്ധേയയാണ്. ഗ്രാസിം ഇൻഡസ്ട്രീസ്, ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ എന്നിവയുൾപ്പെടെയുള്ള കമ്പനികളുടെ ബോർഡുകളിൽ അനന്യ അംഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *